mullappally
യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കൺവെൻഷൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാരിനായി യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതി മുഖമുദ്ര‌യാക്കിയ ഇടതുസർക്കാർ സമസ്‌തമേഖലയിലും പരാജയപ്പെട്ടു. അനധികൃത നിയമനങ്ങൾ സർക്കാർ തകൃതിയായി നടത്തുമ്പോൾ പി.എസ്.സി ലിസ്റ്റിൽ ഉൾപ്പെട്ട യുവജനങ്ങൾ സമരമുഖത്താണ്. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കുമെന്നും രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പുനലൂർ മധു, എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറിമാരായ എ. ഷാനവാസ് ഖാൻ, ജി. രതികുമാർ, മുൻ ഡി.സി.സി പ്രസിഡന്റ് പ്രതാപവർമ്മ തമ്പാൻ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി എ. യുനൂസ് കുഞ്ഞ്, യു.ഡി.എഫ് ജില്ലാ കൺവീനർ ജി. രാജേന്ദ്രപ്രസാദ്, എൻ. ജയചന്ദ്രൻ, ഫോർവേഡ് ബ്ലോക്ക് സംസ്‌ഥാന സെക്രട്ടറി റാം മോഹൻ, ആസാദ് റഹിം, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീലാൽ,​ എ. ഷുഹൈബ്, എൻ. ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ,​ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ എം. സുന്ദരേശൻപിള്ള, ബിജു പാരിപ്പളളി, രാജൻകുറുപ്പ്, തുടങ്ങിയവർ സംസാരിച്ചു.