കൊല്ലം: ഇന്നലെകളിൽ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ച ബാലഗോപാലിന് വിദ്യാർത്ഥിക്കൂട്ടം പുഷ്പകിരീടമണിയിച്ചു. അവരുമായി വർത്തമാനംപറഞ്ഞപ്പോൾ ബാലഗോപാൽ പഴയ എസ്.എഫ്.ഐക്കാരനുമായി. രണ്ടുകാലഘട്ടങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലിനാണ് ഇന്നലെ കൊട്ടാരക്കര യു.ഐ.ടി കോളേജിൽ വേദിയൊരുങ്ങിയത്. കൊട്ടാരക്കര നഗരസഭയിലെ പര്യടനത്തിനിടെയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ യു.ഐ.ടി കോളേജിലെത്തിയത്. ഏറെനേരം വർത്തമാനം പറഞ്ഞും സൗഹൃദം പങ്കിട്ടും ബാലഗോപാൽ തിളങ്ങി. സെൽഫിയെടുക്കാനും മൊബൈൽ നമ്പർ വാങ്ങാനുമൊക്കെ വിദ്യാർത്ഥികൾ മത്സരിച്ചതും വേറിട്ട അനുഭവങ്ങളായി. കൊട്ടാരക്കര ശ്രീശങ്കര കോളേജിലേക്കായിരുന്നു പിന്നീട് ചെന്നത്. അവിടെയും സമാന അനുഭവമായിരുന്നു. കൊട്ടാരക്കര പട്ടണത്തിലും തൃക്കണ്ണമംഗലിലും ബാലഗോപാലും സംഘവും പര്യടനം നടത്തി. കോടതിയിലും വക്കീൽ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലുമൊക്കെ എത്തി വോട്ടഭ്യർത്ഥിച്ചു. പി.ഐഷാപോറ്റിയും നഗരസഭ ചെയർമാൻ എ.ഷാജുവുമടക്കമുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.