കൊല്ലം: അമ്മമാരെ ചേർത്ത്നിറുത്തിയും കെട്ടിപ്പിടിച്ചും ആർ.രശ്മി തിരഞ്ഞെടുപ്പ് രംഗത്ത് ഉഷാറായി. പ്രചാരണ രംഗത്ത് വൈകിയാണെത്തിയതെങ്കിലും ഉള്ള സമയംകൊണ്ട് വളരെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട്. ഇന്നലെ കരീപ്ര പഞ്ചായത്തിലെ പര്യടനത്തിനിടയിലാണ് കശുഅണ്ടി തൊഴിലാളികളുടെ സ്നേഹവായ്പുകളേറ്റുവാങ്ങിയത്. തലയിൽ കൈവച്ച് അനുഗ്രഹിച്ചും കെട്ടിപ്പിടിച്ചുമൊക്കെ തൊഴിലാളികൾ അവരുടെ സ്നേഹവും പിന്തുണയും അറിയിച്ചു. കൊട്ടാരക്കരയിലെ മുൻ എം.എൽ.എ കൊട്ടറ ഗോപാലകൃഷ്ണന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ആർ.രശ്മി ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങിയത്. വ്യാപാര സ്ഥാപനങ്ങളിലും ചില വീടുകളിലും മറ്റ് തൊഴിലിടങ്ങളിലുമൊക്കെ ചെന്നു. എല്ലായിടങ്ങളിലും വലിയ സ്വീകരണമാണ് ലഭിച്ചത്.
ഇന്ന് നെടുവത്തൂരിൽ
ആർ.രശ്മി ഇന്ന് നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും. കശുഅണ്ടി ഫാക്ടറികൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രധാന കവലകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലാണെത്തുക. ഇന്ന് വൈകിട്ട് 5ന് നെടുവത്തൂരിൽ കൺവെൻഷനും ചേരും. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യും. ഉമ്മന്നൂരിലും കൊട്ടാരക്കരയിലും ഇന്ന് വൈകിട്ട് കൺവെൻഷൻ നടക്കും.