
കൊല്ലം: ശ്വാസതടസമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ആർ.ബാലകൃഷ്ണപിള്ളയുടെ പോക്കറ്റിൽ ഒരു പാർക്കർ പേനയുണ്ട്! പിള്ളയുടെ പേനാക്കമ്പം പ്രസിദ്ധമാണ്. മൂന്നാം വയസിലാണ് പിള്ളയ്ക്ക് 'പേന'യോട് കമ്പം തോന്നിത്തുടങ്ങിയത്. മീനത്തിലെ പൂരാടത്തിന് എൺപത്തേഴ് തികയാൻ നാളടുക്കുമ്പോഴും ആ പേനാക്കമ്പത്തിൽ വിട്ടുവീഴ്ചയുണ്ടായിട്ടില്ല. രാഷ്ട്രീയത്തിൽ തിളങ്ങുമ്പോഴും പേനയാണ് പിള്ളയുടെ വീക്ക്നസ്!. രാഷ്ട്രീയത്തിൽ പേനയ്ക്ക് എന്തുകാര്യമെന്ന ചോദ്യത്തിന് പിള്ളയ്ക്ക് ഒത്തിരി പറയാനുണ്ട്. പേന ചതിച്ചതും അനുഗ്രഹിച്ചതുമൊക്കെയായി ഒത്തിരി സുഖമുള്ള കഥകൾ. ഒരിക്കൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുപോലും ഒരു പേന മൂലമാണെന്നാണ് പിള്ള വിശ്വസിച്ചിരുന്നത്. 1965ലെ വിവാദ പഞ്ചാബ് മോഡൽ പ്രസംഗത്തെ തുടർന്ന് പിള്ളയ്ക്ക് കെ. കരുണാകരൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു. അതിന് ശേഷം ജോത്സ്യനെ കണ്ടപ്പോഴാണ് കുവൈറ്റിൽ നിന്ന് പതിനായിരം രൂപയ്ക്ക് വാങ്ങിയ പേനയാണ് പ്രശ്നമെന്ന് അറിഞ്ഞത്. അതിന്റെ ദോഷമാണ് മന്ത്രിസ്ഥാനം തെറിക്കാൻ കാരണമെന്ന് അറിഞ്ഞതോടെ ആ പേന ഉപേക്ഷിച്ചു.
കൂട്ടുകാരന് ഫീസടയ്ക്കാൻ പേനവിറ്റു
മൂന്നാം പിറന്നാളിനാണ് അച്ഛൻ കീഴൂട്ട് രാമൻപിള്ള ഒരു നാരായം പിള്ളയ്ക്ക് സമ്മാനിച്ചത്. അക്ഷരം പഠിച്ചുതുടങ്ങിയപ്പോൾ ഗുരുനാഥനും ഒരെണ്ണം നൽകി. നാലാം ക്ളാസിൽ പഠിക്കുമ്പോൾ സഹോദരി പൊന്നമ്മയുടെ ഭർത്താവ് ഗോവിന്ദപ്പിള്ള ജാപ്പനീസ് പൈലറ്റ് പേന സമ്മാനിച്ചതാണ് ആദ്യമായി ലഭിച്ച വിലകൂടിയ പേന. ഇന്റർമീഡിയറ്റ് വരെ ആ പേന പിള്ളയ്ക്കൊപ്പമുണ്ടായിരുന്നു. പിന്നെ പേനയുടെ വലിയ ശേഖരമുണ്ടാക്കി. എല്ലാം വിലകൂടിയ പേനകൾ.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന സമയത്ത് സഹപാഠിക്ക് ഫീസടയ്ക്കാൻ കൈവശമുള്ള പാർക്കർ പേന വിൽക്കേണ്ടിയും വന്നിട്ടുണ്ട്. ഏത് രാജ്യത്ത് പോയാലും അവിടെ നിന്ന് ഒരു പേന വാങ്ങും. ചിലർ സമ്മാനമായി നൽകും. മോൺബ്ളാങ്ക്, ഷിഫർ, ക്രിസ്ത്യൻ ഡയർ തുടങ്ങി മുന്നൂറിലധികം പേനകൾ വാങ്ങിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ പേനവാങ്ങാൻ ചെലവായിട്ടുമുണ്ട്. പാരീസിൽ നിന്ന് 1960ൽ 30,000 രൂപയ്ക്ക് വാങ്ങിയ ക്രിസ്ത്യൻ ഡയർ ഏറെനാൾ പോക്കറ്റിൽ ഇടംപിടിച്ചിരുന്നു. ബ്രൂണെയ് സന്ദർശിച്ചപ്പോൾ സുൽത്താൻ സമ്മാനിച്ചത് മോൺ ബ്ളാങ്ക് പേനയാണ്. പേനയുടെ വിപുലമായ ശേഖരം അടുത്ത കാലത്ത് മക്കൾക്കും കൊച്ചുമക്കൾക്കുമൊക്കെയായി വീതംവച്ച് നൽകി. എന്നാലും, വീടിന് പുറത്തേക്കിറങ്ങണമെങ്കിൽ പിള്ള ആദ്യം കരുതുന്നത് പേനയാണ്.