
കൊല്ലം: ജില്ലയുടെ വടക്കേയറ്റത്തുള്ള നിയമസഭാ മണ്ഡലമായ കരുനാഗപ്പള്ളിയിൽ രണ്ടാമൂഴക്കാർ വീണ്ടും മത്സരിക്കാൻ ഇറങ്ങിയതോടെ പോരാട്ടം കനത്തു. സിറ്റിംഗ് എം.എൽ.എയായ സി.പി.ഐയിലെ ആർ.രാമചന്ദ്രനെ നേരിടാൻ കഴിഞ്ഞ തവണ തുച്ഛമായ വോട്ടുകൾക്ക് രാമചന്ദ്രനോട് പരാജയപ്പെട്ട കെ.പി.സി.സി ജനറൽ സെക്രട്ടറികൂടിയായ സി.ആർ. മഹേഷിനെയാണ് ഇത്തവണയും യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്.
മറ്റ് പാർട്ടികളിൽ നിന്ന് മറുകണ്ടം ചാടിവരുന്ന നേതാക്കളെ മത്സരിപ്പിക്കാമെന്ന് കരുതി അവസാനനിമിഷം വരെ ഒഴിച്ചിട്ടിരുന്ന കരുനാഗപ്പള്ളിയിൽ പുതുമുഖമായ ബിറ്റി സുധീറിനെ ഏതാനും ദിവസംമുമ്പ് സ്ഥാനാർത്ഥിയാക്കിയതോടെ രണ്ടാമൂഴക്കാരും പുതുമുഖക്കാരിയും കൂടി പോര് മുറുക്കിക്കഴിഞ്ഞു. ഇടതു, വലതുമുന്നണികളെ മാറിയും തിരിഞ്ഞും പരീക്ഷിച്ച കരുനാഗപ്പളളിയിൽ ഇത്തവണയും ഇഞ്ചോടിഞ്ചാണ് പോരാട്ടം. ബി.ജെ.പി സ്ഥാനാർത്ഥിയൊഴികെ മറ്റ് രണ്ടുപേരും കരുനാഗപ്പള്ളിക്കാരായതും മത്സരം കൂടുതൽ കടുപ്പിക്കുന്ന ഘടകം തന്നെ. കൊല്ലത്താണ് ബിറ്റിയുടെ നാടെങ്കിലും ബി.ജെ.പിയുടെ വളർച്ചയും കരുനാഗപ്പള്ളിയിലെ ബന്ധുബലവും നല്ലൊരുമത്സരത്തിന് ബിറ്റിയ്ക്കും ധൈര്യം പകരുന്നു.
കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷം
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ഉദ്വേഗം നിലനിർത്തിയശേഷം തുച്ഛമായ വോട്ടുകൾക്കാണ് ആർ. രാമചന്ദ്രൻ എം.എൽ.എയായത്. സുനാമി ദുരന്ത ഭൂമിയായ അഴീക്കലുൾപ്പെടെയുള്ള തീരപ്രദേശവും ആറ് പഞ്ചായത്തുകളും കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയും ഉൾപ്പെടുന്നതാണ് മണ്ഡലം. നാടിന്റെ വികസനവും ഭരണത്തുടർച്ചയും മുദ്രാവാക്യങ്ങളാക്കി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ ഇടതുമുന്നണി കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞും നിപ, ഓഖി, കൊവിഡ് കാലങ്ങളിൽ സർക്കാരിന്റെ കരുതലും ജനക്ഷേമപ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടിയുമാണ് വോട്ട് അഭ്യർത്ഥിക്കുന്നത്.
അഴിമതിയും സ്വജന പക്ഷപാതവും സ്വർണ്ണക്കള്ളക്കടത്ത് , ലൈഫ് കോഴ വിവാദങ്ങളും മുൻനിറുത്തിയാണ് യു.ഡി.എഫ് ഇതിനെ പ്രതിരോധിക്കുന്നത്. തീരപ്രദേശത്തെ കുടിവെള്ള ക്ഷാമവും പ്രചാരണ വിഷയമായിട്ടുണ്ട്. ഇരുമുന്നണികൾക്കും എതിരായാണ് ബി.ജെ.പി സ്ഥാനാർത്ഥിയുടെ പ്രചാരണം. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് കഴിഞ്ഞതവണ മത്സരിച്ച ഇവിടെ ഇക്കുറി നേരിട്ട് മത്സരിക്കാനിറങ്ങിയ ബി.ജെ.പിയ്ക്ക് ശബരിമല ഉൾപ്പെടെയുള്ള സമകാലിക രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം ബി.ജെ.പി വോട്ടുകളിലെ വർദ്ധനയും മികച്ച മത്സരത്തിനുള്ള സാദ്ധ്യത ഒരുക്കുമെന്ന പ്രതീക്ഷ നൽകുന്നു.
നാമനിർദേശപത്രികാ സമർപ്പണം കഴിഞ്ഞതോടെ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. മീനച്ചൂട് കൂസാതെ അതിരാവിലെ മുതൽ പാതിരാവരെ നീളുന്ന പ്രചാരണത്തിരക്കിലാണ് സ്ഥാനാർത്ഥികൾക്കൊപ്പം നേതാക്കളും. വാർഡ് കൺവെൻഷനുകൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, സ്വീകരണ പരിപാടികൾ, കലാജാഥകൾ തുടങ്ങി വോട്ടെടുപ്പ് അടുക്കുംതോറും രംഗം കൊഴുപ്പിക്കാനാണ് പാർട്ടികളുടെ തീരുമാനം.
കഴിഞ്ഞതവണത്തെ വോട്ട് നില
ആർ- രാമചന്ദ്രൻ-69,902
സി.ആർ മഹേഷ്-68,143
വി.സദാശിവൻ-19,115
കരുനാഗപ്പള്ളിയിൽ വിജയിച്ചവർ
# 1957-1959 - പി.കുഞ്ഞികൃഷ്ണൻ (കോൺഗ്രസ്)
#1960-1964 - ബേബിജോൺ (ആർ.എസ്.പി)
#1965 -സഭ ചേർന്നില്ല, പി.കുഞ്ഞികൃഷ്ണൻ (കോൺഗ്രസ്)
#1967-70 ബേബിജോൺ (ആർ.എസ്.പി)
# 1970-77 - ബേബിജോൺ (ആർ.എസ്.പി)
# 1977-79 - ബി. എം. ഷെരീഫ് (സി.പി.ഐ)
#1980-82 - ബി. എം. ഷെരീഫ് (സി.പി.ഐ)
#1982-87 - ടി.വി. വിജയരാഘവൻ (സ്വതന്ത്രൻ)
#1987-91 - പി.എസ്. ശ്രീനിവാസൻ (സി.പി.ഐ)
#1991-96 - പി.എസ്. ശ്രീനിവാസൻ (സി.പി.ഐ)
# 1996-2001 - ഇ. ചന്ദ്രശേഖരൻ നായർ (സി.പി.ഐ)
#2001-06 - അഡ്വ.എ.എൻ. രാജൻബാബു (ജെ.എസ്.എസ്)
# 2006-11 - സി.ദിവാകരൻ (സി.പി.ഐ)
#2011-16 - സി.ദിവാകരൻ (സി.പി.ഐ)
#2016-21 ആർ. രാമചന്ദ്രൻ (സി.പി.ഐ)