c
പുനലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുറഹിമാൻ രണ്ടത്താണി അഞ്ചലിൽ ഓട്ടോറിക്ഷ തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു

പുനലൂർ: 'ജനഹൃദയങ്ങളെ ചേർത്തുപിടിച്ച്, ആയിരങ്ങളുടെ സ്നേഹോഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി, ജനനായകൻ ഇതാ കടന്നുവരുന്നു. നിങ്ങളുടെ സ്വന്തം സാരഥി. അനുഗ്രഹിക്കൂ... ആശീർവദിക്കൂ...' ജനം തിക്കിത്തിരക്കുന്ന പുനലൂർ നഗരത്തിലേക്ക് ഒരു അനൗൺസ്‌മെന്റ് വാഹനം കടന്നുവന്നു. തൊട്ടുപിന്നാലെയെത്തിയ വാഹനത്തിൽ നിന്ന് ഒരു ഖദർധാരി പുറത്തിറങ്ങി. യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുറഹിമാൻ രണ്ടത്താണി. കാത്തുനിന്ന പ്രവർത്തകർ ആവേശത്തോടെ അദ്ദേഹത്തെ തോളിലേറ്റി. കൈകൾ കൂപ്പി അദ്ദേഹം പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

സമീപത്തെ ചായക്കടയിലേക്കാണ് ആദ്യം കയറിയത്. ഈ സമയം അവിടെ തിര‌ഞ്ഞെടുപ്പ് ചർച്ച ചൂടുപിടിച്ചിരുന്നു. ചർച്ചയിലേക്ക് രണ്ടത്താണിയും നടന്നുകയറി. 'രാഷ്ട്രീയമാണോ വിഷയം, ഞാൻ അബ്ദുറഹിമാൻ രണ്ടത്താണി. യു.ഡി.എഫ് സ്ഥാനാർത്ഥി, വോട്ട് ചെയ്യണം. സാറിന് വോട്ട് ചെയ്താൽ എന്ത് കിട്ടുമെന്ന് മറുചോദ്യം. മനസിലുള്ള പുനലൂരിന്റെ പുതിയ മാസ്റ്റർ പ്ലാൻ രണ്ടത്താണി പറഞ്ഞുതുടങ്ങി. ഒരാഴ്ച മുൻപ് പുനലൂരിലെത്തിയ രണ്ടത്താണി എല്ലാം പഠിച്ചുകഴിഞ്ഞിരിക്കുന്നു. ഒരുപാട് സ്ഥലങ്ങളിൽ പോകാനുണ്ടെന്ന ഓർമ്മപ്പെടുത്തൽ എത്തിയതോടെ രണ്ടത്താണി കടയിൽ നിന്നിറങ്ങി. വഴിയാത്രക്കാരെ ചിരികൊണ്ട് തടഞ്ഞുനിറുത്തി. പിന്നെ തൊഴുകൈകളോടെ പതിവ് വോട്ട് അഭ്യർത്ഥന.

 വിശ്വാസം സംരക്ഷിക്കും

ശബരിമല ശാസ്താവിന്റെ തിരുസന്നിധിയിലേക്കുള്ള കവാടമായിട്ടും ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ പുനലൂരിലില്ല. അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച തീർത്ഥാടന സർക്യൂട്ടിന് വലിയ സാദ്ധ്യതയുണ്ട്. വിശ്വാസം സംരക്ഷിക്കാൻ അടിയുറച്ച് നിൽക്കും. നഗരത്തിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കും. പൈതൃക ടൂറിസത്തിനൊപ്പം വ്യവസായ പാരമ്പര്യം വീണ്ടെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും അബ്ദുറഹിമാൻ രണ്ടത്താണി പറയുന്നു.