വീട്ടുമുറ്റത്ത് വെള്ളത്തൊട്ടിയൊരുക്കി അദ്ധ്യാപിക
കൊല്ലം: മീനച്ചൂടിൽ കുടിനീരിനായി തൊടിയിലെത്തിയ പറവകൾക്ക് വീട്ടുമുറ്റത്ത് കുടിവെള്ളത്തൊട്ടിയൊരുക്കി അദ്ധ്യാപിക. ശാസ്താംകോട്ട ജെ.എം.എച്ച്.എസിലെ ഹിന്ദി അദ്ധ്യാപിക ചവറ തേവലക്കര പാലയ്ക്കൽ അമരാവതിയിൽ വിജയശ്രീ മധുവാണ് വീട്ടുമുറ്റത്ത് കുടിവെള്ളപ്പാത്രം ഒരുക്കിയത്.
നിർമ്മാണം പൂർത്തിയാക്കി മണിക്കൂറുകൾ തികയും മുൻപേ കിളികൾ കൂട്ടമായെത്തിത്തുടങ്ങി. വെള്ളം കുടിച്ചും ദേഹം തണുപ്പിച്ചുള്ള കുളിയും കണ്ണിന് കുളിര് നൽകുന്ന കാഴ്ചയാണ്. അവധി ദിനമായ ഇന്നലെ രാവിലെയാണ് തൊട്ടിയൊരുക്കാനിറങ്ങിയത്. ഇഷ്ടികമുറികളും സിമന്റും ചേർത്ത് ഒറ്റയ്ക്കായിരുന്നു പരിശ്രമം. മുൻ ചവറ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായ ഭർത്താവ് വി. മധുവും മക്കളായ അഡ്വ. വി. മഹിമാകൃഷ്ണയും എം. മഹാദേവും പ്രോത്സാഹനമേകി.
ഒന്നര മണിക്കൂർകൊണ്ട് വെള്ളത്തൊട്ടി പൂർത്തിയായി. തൊട്ടിയിൽ വെള്ളം നിറച്ച് മാറിനിന്നപ്പോഴേക്കും കിളികൾ ചലപില ശബ്ദത്തോടെ പറന്നെത്തി. കരിയിലക്കിളികളാണ് ആദ്യമെത്തിയത്. രണ്ടാമൂഴത്തിൽ മൈനയും തത്തയുമെത്തി. അവറ്റകളെ കൊത്തിയോടിച്ച് കാക്കയെത്തി കുളിയും പാസാക്കി. ഇതൊക്കെ കണ്ടുകൊണ്ടിരുന്ന വീട്ടുകാർക്ക് അത്യാഹ്ളാദം. ഇനിയെപ്പോഴും ഈ പാത്രം ജലസമൃദ്ധമാക്കാനാണ് തീരുമാനം. ഒപ്പം പക്ഷികൾക്ക് കൊത്തിപ്പെറുക്കാനുള്ള തീറ്റയും.
സ്നേഹവീട് കൂട്ടായ്മയിൽ ഉദിച്ച ആശയം
സ്നേഹവീട് സാഹിത്യ സമിതി ജില്ലാ ജോ. ട്രഷററാണ് കവയിത്രികൂടിയായ വിജയശ്രീ മധു. ജലദിനമായ നാളെ ജില്ലയിൽ കിളികൾക്കായി നൂറ് വെള്ളം നിറച്ച പാത്രങ്ങൾ പലയിടങ്ങളിലായി സ്ഥാപിക്കാൻ സംഘടന വാട്സ് ആപ്പിൽ ചർച്ച നടത്തിയിരുന്നു. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വീട്ടുമുറ്റത്ത് തൊട്ടി തയ്യാറാക്കിയത്. സംഘടന ജില്ലയിൽ നൂറിലധികം തൊട്ടികൾ സ്ഥാപിക്കുന്നുണ്ട്.