c

കൊല്ലം: കൃഷിപ്പണി കഴിഞ്ഞെത്തിയപ്പോൾ ഭക്ഷണം വിളമ്പാൻ വിസമ്മതിച്ച ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സോമദാസിനെ (63) കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

കൃത്യം നടന്ന സ്ഥലത്ത് സോമദാസിനെ എത്തിച്ച് തെളിവെടുത്തിരുന്നു. ഫോറൻസിക് വിഭാഗവും തെളിവുകൾ ശേഖരിച്ചു. പ്രതി അമിതമായി മദ്യപിച്ച് ഭാര്യയുമായി നിരന്തരം വഴക്കിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര പുത്തൂർ മാവടി സുശീലാ ഭവനത്തിൽ സുശീലയാണ് (58) കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ ഒൻപതോടെയായിരുന്നു സംഭവം. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ സോമദസാസ് ആദ്യ ഭാര്യ ജീവിച്ചിരിക്കെയാണ് ഏഴുവർഷം മുൻപ് സുശീലയുമായി പുത്തൂർ മാവടിയിലെത്തി താമസം ആരംഭിച്ചത്.

ഭക്ഷണം വിളമ്പാത്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ സമീപത്തുകിടന്ന വിറകെടുത്ത് സുശീലയുടെ തല അടിച്ച് പൊട്ടിക്കുകയായിരുന്നു. കൃത്യം നടന്ന് അര മണിക്കൂറിന് ശേഷം പൊലീസെത്തിയാണ് സുശീലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രക്ഷാപ്രവർത്തനം വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.