photo
കെ.എൻ.ബാലഗോപാലിന്റെ ചിത്രമുള്ള പേന

കണ്ടാലറിയാം പാർട്ടിയേതെന്ന്

കൊല്ലം: തിരഞ്ഞെടുപ്പ് പ്രവർത്തകർക്ക് പോക്കറ്റിൽ വയ്ക്കാൻ സ്ഥാനാർത്ഥിയുടെ മുഖവും ചിഹ്നവുമുള്ള പേനകളും തയ്യാറായി. അപകടത്തിൽപ്പെട്ട് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട കൊട്ടാരക്കര പെരുംകുളം ശില്പാലയത്തിൽ കണ്ണനാണ് (33) വീൽച്ചെയറിലിരുന്ന് പേന നിർമ്മിക്കുന്നത്.

കൊട്ടാരക്കരയിലെ സ്ഥാനാർത്ഥികളായ കെ.എൻ. ബാലഗോപാൽ (എൽ.ഡി.എഫ്), ആർ. രശ്മി (യു.ഡി.എഫ്), വയയ്ക്കൽ സോമൻ (എൻ.ഡി.എ) എന്നിവരുടെ ചിത്രങ്ങളും ചിഹ്നവുമുള്ള പേപ്പർ പേനകളാണ് തയ്യാറായിട്ടുള്ളത്. തിരഞ്ഞെടുപ്പുകാലം കഴിഞ്ഞ് ഉപേക്ഷിച്ചാലും പ്രകൃതിക്ക് ദോഷമില്ല, മുളയ്ക്കുന്ന വിത്തുകളും അതിലുണ്ട്. പേന വാങ്ങുമ്പോൾ നിർദ്ധന കുടുംബത്തിന് അതൊരു താങ്ങുമാകും.

ഭാര്യ ശില്പയും മക്കളായ ദേവദത്തനും ദേവനന്ദനുമടങ്ങുന്ന കുടുംബം പോറ്റാൻ കണ്ണന്റെ വരുമാന മാർഗംകൂടിയാണ് പേന, കുട നിർമ്മാണം. പേന ആവശ്യമുള്ളവർ ബന്ധപ്പെട്ടാൽ മറ്റ് സ്ഥാനാർത്ഥികൾക്കായും പേന തയ്യാറാക്കി നൽകും. ഫോൺ: 8921149491, 9605213313.

 വില: 10 രൂപ