
കൊല്ലം: പ്രതിവർഷം 6,000 രൂപ ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ഉപഭോക്താക്കളായ കർഷകരെ കേന്ദ്രീകരിച്ച് ഫോൺകാൾ തട്ടിപ്പ്. എഴുകോൺ, കൊട്ടാരക്കര ഭാഗങ്ങളിലെ ചിലർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാർ നമ്പരും മറ്റ് വിശദാംശങ്ങളും തേടിയാണ് ഫോൺകാൾ വരുന്നത്.
ആദ്യഗഡു കിട്ടിയവരെ വിളിച്ച് രണ്ടാംഗഡു ലഭ്യമാവാൻ കാലതാമസമുണ്ടാകുമെന്നും അതിനാലാണ് അക്കൗണ്ട് വിവരങ്ങൾ തേടുന്നതെന്നുമാണ് പറയുന്നത്. യാതൊരും വിവരങ്ങളും ആർക്കും പങ്കുവയ്ക്കരുതെന്ന് ബാങ്കുകളിൽ നിന്ന് സന്ദേശം നൽകാറുണ്ട്. മുൻപും സമാന തരത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിലും അധികൃതർ കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
കരുതൽ വേണമെന്ന് കൃഷിവകുപ്പ്
കിസാൻ സമ്മാൻ നിധി ഉപഭോക്താക്കൾക്ക് പരാതികൾ ഇല്ലാത്തപക്ഷം കൃഷിവകുപ്പിൽ നിന്ന് യാതൊരു വിധത്തിലുള്ള ഫോൺകാളുകളും വരില്ല. ഫോൺ വിളികളിൽ കരുതൽ വേണമെന്നാണ് കൃഷിവകുപ്പിന്റെ അറിയിപ്പ്. പണം ലഭിച്ചിട്ടില്ലാത്തവർ വകുപ്പുമായി ബന്ധപ്പെട്ടാൽ മാത്രമേ ഫോൺ വിളിക്കാറുള്ളൂ. വകുപ്പിൽ നിന്ന് വിളിച്ചാൽ കൃത്യമായി വിവരങ്ങൾ കൈമാറും. അടുത്ത ഗഡുവിന്റെ വിതരണം ഏപ്രിൽ ആദ്യവാരത്തോടെ ആരംഭിക്കും. അതിന്റെ പശ്ചാത്തലത്തിലാണ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമായത്.