c

കൊല്ലം: കേരളത്തിലെ ഇടത് - വലത് മുന്നണികൾ അഴിമതി നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് മീനാക്ഷി ലേഖി എം.പി പറഞ്ഞു. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച 'മഹിളാ ടൗൺ ഹാൾ' സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കേരളത്തിൽ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നത് എൽ.ഡി.എഫും യു.ഡി.എഫുമല്ല മറിച്ച് എൽ.യു.ഡി.എഫാണ്. പുറമെ ശത്രുക്കളായി ഭാവിച്ച് പരസ്പരം സഹായിക്കുന്ന നയമാണ് ഇരുകൂട്ടർക്കും. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സി.പി.എമ്മുകാർ ശബരിമലയ്ക്കും അയ്യപ്പനും വേണ്ടി ഖേദം പ്രകടിപ്പിക്കുന്നത് ഹിന്ദുക്കളുടെ വോട്ടിനുവേണ്ടിയാണ്. പിണറായി വിജയന് ന്യൂനപക്ഷമെന്നാൽ മുസ്ലീങ്ങളാണ്. ന്യൂനപക്ഷ കമ്മിഷനിൽ മുസ്ലീങ്ങളെ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നത് അതിന് തെളിവാണ്.

വിധവകൾക്ക് പോലും മതം നോക്കിയാണ് ആനൂകൂല്യം നൽകുന്നത്. കേരളത്തിൽ വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം, വികസനം എന്നതാണ് ബി.ജെ.പി ഉയർത്തുന്ന മുദ്രാവാക്യമെന്നും അവർ പറഞ്ഞു. മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം. ഷാലിനി മോഡറേറ്ററായി. ജില്ലാ ജനറൽ സെക്രട്ടറിമാരായ വെള്ളിമൺ ദിലീപ്, ബി. ശ്രീകുമാർ, കൊട്ടിയം സുരേന്ദ്രനാഥ്, രാഗേന്ദു, ബിറ്റി സുധീർ, ബീനാരാജൻ, തങ്കമണി അമ്മ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.