vote
കൊട്ടാരക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ കലയപുരത്ത് വോട്ടുതേടിയെത്തിയപ്പോൾ

കൊട്ടാരക്കര: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് വോട്ടുറപ്പിയ്ക്കാൻ

25ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരക്കര അമ്പലക്കര ഗ്രൗണ്ടിലും 28ന് രാവിലെ 10ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നെടുമൺകാവിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും. പഞ്ചായത്ത് തലങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. അടിത്തട്ടുമുതൽ ഉണർന്ന് പ്രവർത്തിക്കുന്നതിനാൽ ഇടത് മുന്നേറ്റം എവിടെയും പ്രകടമാണ്. മൈലം ഗ്രാമപഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ബാലഗോപാലിന് വരവേൽപ്പ് നൽകി. ഇന്നലെ പഞ്ചായത്തിലെ കശുഅണ്ടി ഫാക്ടറികളിലും തൊഴിലുറപ്പ് ജോലികൾ നടക്കുന്നിടത്തും മറ്റ് തൊഴിലിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമൊക്കെ ബാലഗോപാലെത്തി. വോട്ടുചോദിച്ചും നാടിന്റെ പ്രശ്നങ്ങളൊക്കെ തിരക്കിയറിഞ്ഞും വാഗ്ദാനങ്ങൾ നൽകിയുമാണ് സ്ഥാനാർത്ഥി കടന്നുപോയത്. വൈകിട്ട് പള്ളിയ്ക്കലിൽ സാംസ്കാരിക സന്ധ്യയിലും പങ്കെടുത്തു. ഇന്ന് കുളക്കട ഗ്രാമപഞ്ചായത്തിലാണ് പര്യടനം. തിരഞ്ഞെടുപ്പ് ദിനമടുത്തതോടെ മണ്ഡലത്തിൽ ഇടത് മുന്നണി പ്രവർത്തകർ വലിയ ആവേശത്തിലാണ്. ബൂത്ത് കൺവെൻഷനുകൾ പൂർത്തിയാക്കി മേഖലാ, കുടുംബ യോഗങ്ങളിലേക്കും കടന്നിട്ടുണ്ട്. നാടിന്റെ മുക്കിലും മൂലയിലും ചുവരെഴുത്തും ബോർഡ് വയ്പും പോസ്റ്ററൊട്ടിപ്പുമൊക്കെ പൂർത്തിയാക്കി.