കുന്നിക്കോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇരുപത്തിരണ്ടടി താഴ്ചയുള്ള കിണറ്റിൽ വീണ രണ്ട് വയസുകാരനെ ജീവിതത്തിലേയ്ക്ക് കോരിയെടുത്ത് പതിനാറുകാരൻ. വിളക്കുടി കിണറ്റിൻകര മിച്ചഭൂമിയിൽ സജി സദനത്തിൽ ഭുവനചന്ദ്രൻ - സൗമ്യ ദമ്പതികളുടെ മകൻ സൂര്യദത്തിനെയാണ് പിതൃസഹോദരന്റെ മക്കൾ രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെ 10ഓടെയായിരുന്നു അപകടം. മുതിർന്നവരുടെ ശ്രദ്ധയിൽ പെടാതിരുന്ന അപകടം യഥാസമയം അറിയിച്ചത് പിതൃസഹോദരന്റെ രണ്ടാമത്തെ മകനും മൂന്നര വയസുകാരനുമായ ശ്രീദത്താണ്. ശ്രീദത്തും സൂര്യദത്തും വീട്ടുമുറത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്ത് വഴി കോൺക്രീറ്റ് ചെയ്തപ്പോൾ ആൾമറയുള്ള കിണറിനൊപ്പം എത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്. സംഭവം കണ്ടുനിന്ന ശ്രീദത്ത് നിലവിളിച്ചുകൊണ്ട് മുത്തശ്ശി സരസ്വതിയുടെ അടുത്തെത്തി വിവരം പറഞ്ഞു. സരസ്വതി വന്നുനോക്കുമ്പോൾ കിണറ്റിൽ ഓളം തല്ലൽ മാത്രമേ കാണാനുണ്ടായിരുന്നുള്ളു.
സരസ്വതിയുടെ നിലവിളി കേട്ടാണ് ശ്രീദത്തിന്റെ മൂത്ത സഹോദരൻ ശിവദത്ത് ഓടിയെത്തിയത്. മറിച്ചൊന്നും ചിന്തിച്ചിക്കാതെ കയറിൽ തൂങ്ങി കിണറ്റിലിറങ്ങി. ഈസമയം വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയ സൂര്യദത്തിന്റെ ഷർട്ടിൽ പിടിത്തം കിട്ടി. തുടർന്ന് പൊക്കിയെുക്കുകയായിരുന്നു. ഈ സമയം കിണറ്റിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു.
അയൽവാസികൾ എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ സൂര്യദത്ത് ആരോഗ്യവാനാണ്. വിവരം അറിഞ്ഞ് ആവണീശ്വരത്ത് നിന്ന് അഗ്നിശമന സേനയും എത്തിയിരുന്നു. വിസ്തീർണം കുറഞ്ഞ ചെറിയ കിണറ്റിൽ വീണ കുട്ടി തൊടികളിൽ തട്ടാതിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശിവദത്തിനെ അഭിനന്ദിച്ചാണ് അഗ്നിശമനസേന മടങ്ങിയത്.