ആലഞ്ചേരി: ജനനായകൻ സിന്ദാബാദ്, പി.എസ്. സുപാൽ സിന്ദാബാദ്, മുദ്രാവാക്യം അലയടിച്ചുയരവേ ഇടത് സാരഥി പി.എസ്. സുപാൽ ആലഞ്ചേരിയിലെത്തി. പെട്ടെന്ന് അവിടം വലിയൊരു ജനക്കൂട്ടമായി. സ്വീകണമല്ല, കടകളിൽ വോട്ട് ചോദിക്കാൻ എത്തിയതായിരുന്നു സുപാൽ.
സുപാൽ കടകളിൽ കയറിയിറങ്ങുന്നതനുസരിച്ച് ജനക്കൂട്ടം പിന്നാലെകൂടി. എല്ലാവരും സുപാലിന്റെ പരിചയക്കാർ. ഇടയ്ക്ക് സ്ത്രീകളെത്തി സുപാലിന് അഭിവാദ്യമേകുന്നു. ഈ സമയം അനൗൺസ്‌മെന്റ് വാഹനം അതുവഴി കടന്നുപോയി. 'നാടിന്റെ സ്വന്തം ജനനായകൻ, സാധാരണക്കാരന്റെ സംരക്ഷകൻ, ശരിപക്ഷത്തിന്റെ അമരക്കാരൻ, ഇതാ ആലഞ്ചേരിയിലെത്തിയിരിക്കുന്നു. അനുഗ്രഹിക്കൂ... ആശിർവദിക്കൂ...
ഇതൊന്നും ശ്രദ്ധിക്കാതെ സുപാൽ വോട്ട് അഭ്യർത്ഥനയിൽ മുഴുകി. ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് ജെ. പത്മനും സെക്രട്ടറി സന്തോഷും ആൾത്തിരക്ക് നിയന്ത്രിക്കുന്നതിനിടയിൽ പറഞ്ഞു, സുപാൽ സ്ഥാനാർത്ഥിയായതോടെ നാടുണർന്നു. ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു സുപാൽ വീണ്ടും പുനലൂരിൽ സ്ഥാനാർത്ഥിയാകണമെന്നത്.
അതിന് തെളിവാണ് കത്തുന്ന ചൂടിനെ കൂസാതെ സുപാലിനൊപ്പം റോഡിലൂടെ നടന്നുനീങ്ങിയവർ. അതിൽ വനിതകളും തൊഴിലാളികളും ചെറുപ്പക്കാരുമുണ്ട്. നാടാകെ നിറഞ്ഞ് മുന്നേറുകയാണ് സുപാൽ.
 നല്ല ഭൂരിപക്ഷത്തിൽ വിജയിക്കും
വലിയ പ്രതീക്ഷയുണ്ട്. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കും. നാടാകെ ഇടത് തരംഗമാണ്. സാധാരണക്കാരും തൊഴിലാളിയും കച്ചവടക്കാരുമെല്ലാം ഇടത് മുന്നണിയെ സ്‌നേഹിക്കുന്നു, എന്നെ വിശ്വസിക്കുന്നു. ഇത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തണമെന്ന് സാധാരണക്കാർ ആഗ്രഹിക്കുന്നുണ്ടെന്നും പി.എസ്. സുപാൽ പറയുന്നു.