കുണ്ടറ: കുണ്ടറ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജാ വിദ്യാധരന്റെ രണ്ടാംഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുതിർന്നവർക്കൊപ്പം കന്നി വോട്ടർമാരും ഇത്തവണ വോട്ട് നൽകുമെന്ന് വാഗ്ദാനം നൽകിയതിന്റെ ആവേശത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി. വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ വോട്ട് അഭ്യർത്ഥന. മണ്ഡലത്തിലെ വികസനങ്ങൾക്കും കശുഅണ്ടി മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുന്തിയ പരിഗണന നൽകുമെന്ന് വനജാ വിദ്യാധരൻ വോട്ടർമാർക്ക് ഉറപ്പുനൽകി.
ചുട്ടുപൊള്ളുന്ന ചൂടിൽ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ രണ്ടാംഘട്ട പര്യടനം ആരംഭിച്ചതോടെ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ് കുണ്ടറയിൽ. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ്, ജില്ലാ സെക്രട്ടറി അഡ്വ. സജുകുമാർ, ബി.ജെ.പി നേതാവ് എം.എസ്. ശ്യാംകുമാർ, നിമിഷ തുടങ്ങിയവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.