messykuttyamma-j
ജെ. മേഴ്സിക്കുട്ടിഅമ്മ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാതറീനുമായി കുശലാന്വേഷണത്തിൽ ഏർപ്പെട്ടപ്പോൾ

കൊല്ലം: കുണ്ടറയുടെ വികസനപ്രവർത്തനങ്ങൾക്ക് ഗതിവേഗം പകരാൻ ജെ. മേഴ്സിക്കുട്ടിഅമ്മയയെ ഓരോ വോട്ടും നൽകി വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനഞ്ചുകാരി ഒരുക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു. വെള്ളിമൺ സ്വദേശിനിയും സെന്റ് മാർഗരറ്റ് ജി.എച്ച്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയുമായ കാതറീൻ മരിയയാണ് എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടപ്പാക്കിയ വികസന പദ്ധതികൾ ഒന്നൊന്നായി വിളിച്ചോതുന്ന വീഡിയോ തയ്യാറാക്കിയത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ നൂറുകണക്കിന് പേരാണ് ഇതിനോടകം കണ്ടത്. 'ഉറപ്പില്ലാത്ത പഞ്ചവടിപ്പാലം പണിഞ്ഞവരെ നാട്ടിൽ നിന്ന് തുരത്താൻ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരും..' കാതറിൻ പറയുന്നു. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെറുമൂട് എത്തിയ മേഴ്സിക്കുട്ടിഅമ്മയെ കാതറിൻ തന്റെ വീഡിയോ കാണിച്ചു. ചെറുപ്രായത്തിലും സാമൂഹ്യപ്രതിബദ്ധതയോടെ സർക്കാർ നടപ്പാക്കിയ വികസനങ്ങൾ വീഡിയോ രൂപത്തിൽ അവതരിപ്പിച്ച കാതറീന്റെ പ്രവർത്തനത്തെ മേഴ്സിക്കുട്ടിഅമ്മ അഭിനന്ദിച്ചു.

സ്ത്രീകൾ കൂടുതലായി രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നാണ് കാതറീന്റെ അഭിപ്രായം. പ്രവാസിയായ ലിനുവാണ് കാതറീന്റെ പിതാവ്. സോണിയാണ് മാതാവ്. അനുജൻ കാർഗിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.