
കരുനാഗപ്പള്ളി: ബി.ജെ.പി സ്ഥാനാർത്ഥികൂടി രംഗത്തെത്തിയതോടെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ മൂന്ന് മുന്നണികളും പ്രചാരണം ടോപ്പ് ഗിയറിലാക്കി. ഇതോടെ തുറന്ന തിരഞ്ഞെടുപ്പ് യുദ്ധത്തിനുള്ള കളമൊരുങ്ങി. ബി.ജെ.പി സ്ഥാനാർത്ഥി ബിറ്റി സുധീറിന്റെ ചുവരെഴുത്തുകൾ മണ്ഡലത്തിലുടനീളം ആരംഭിച്ചിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് മോട്ടോർ ബൈക്കിലും എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീർ തുറന്ന ജീപ്പിലും പ്രചാരണം നടത്തിയത് വേറിട്ട കാഴ്ച്ചയായി. തൊഴിലുറപ്പ്, ഒാട്ടോറിക്ഷാ തൊഴിലാളികളെ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് ഇടതു സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ ആർ. രാമചന്ദ്രൻ. പ്രചാരണത്തിന് ചൂടേറിയതോടെ പാർട്ടി പ്രവർത്തകരും ഉത്സാഹത്തിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രനാണ് ആദ്യമേ മണ്ഡലത്തിൽ സജീവമായത്. പിന്നാലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെത്തി. ഏറ്റവും ഒടുവിലാണ് ബി.ജെ.പി സ്ഥാനാർത്ഥി രംഗത്തെത്തിയത്.