photo
കോട്ടാത്തല കൽമണ്ഡപത്തിലിരുന്ന് നാട്ടുകാരുമായി വർത്തമാനം പറയുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ

കൊല്ലം: രാജൻ പിള്ള :"പെൻഷൻ രണ്ടായിരമാക്കുമെന്ന് പറയുന്ന കേട്ടു, ഉള്ളതാണോ സഖാവേ?"

കെ.എൻ.ബാലഗോപാൽ : "രണ്ടായിരമല്ല സഖാവെ, രണ്ടായിരത്തി അഞ്ഞൂറാക്കും. പറഞ്ഞതിൽ കൂടുതലും ചെയ്യുന്ന സർക്കാരല്ലാരുന്നോ, അറുന്നൂറ് രൂപയല്ലാരുന്നോ പഴയ ക്ഷേമ പെൻഷൻ. അതിപ്പോ ആയിരത്തി അറുന്നൂറായില്ലേ, ഇനി രണ്ടായിരത്തി അഞ്ഞൂറാക്കുമെന്ന് പറഞ്ഞാൽ ചിലപ്പോൾ അതിലും കൂടത്തേയുള്ളൂ. മറ്റേവര് അറുന്നൂറ് രൂപ പോലും കുടിശിഖ ഇട്ടതോർമ്മയില്ലേ"

ഭാസ്കരൻ: "അത് നേരാ, ഇതിപ്പോ ഉള്ളത് വീട്ടിലെത്തിച്ചുതരും, കിറുകൃത്യമായി കിട്ടുന്നുമുണ്ട്".

ബാലഗോപാൽ : റേഷൻ കടയിൽ നിന്ന് കിറ്റ് വാങ്ങിയില്ലേ?

ഭാസ്കരൻ: വാങ്ങി, പണിയില്ലാത്ത സമയമായിട്ടും അതുകൊണ്ട് പട്ടിണിയില്ല.

വോട്ടുപിടിക്കാനിറങ്ങിയ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ ഇന്നലെ കോട്ടാത്തല ജനത വായനശാല അങ്കണത്തിലെ പഴയ കൽമണ്ഡപത്തിലിരുന്ന് പ്രദേശവാസികളുമായി ചർച്ച നടത്തിയത് അരമണിക്കൂറിലേറെ നേരമാണ്. മൈലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു ഇന്നലെ പര്യടനം. കോട്ടാത്തല ജംഗ്ഷനിലെത്തിയപ്പോഴാണ് കൽമണ്ഡപം കണ്ണിൽപ്പെട്ടത്. കൂടെയുള്ള പാർട്ടിക്കാരോടൊക്കെ നിങ്ങളിവിടെ നിൽക്കെന്നുപറഞ്ഞ് മണ്ഡപത്തിനടുത്തേക്കെത്തി. തൊട്ടടുത്തെത്തിയപ്പോഴാണ് മണ്ഡപത്തിലിരുന്ന ഭാസ്കരനും പാചകക്കാരനായ രാജൻപിള്ളയുമൊക്കെ സ്ഥാനാർത്ഥിയാണ് തങ്ങളുടെ അടുത്തേക്ക് വന്നതെന്നറിഞ്ഞത്. തനി നാട്ടിൻപുറത്തുകാരനെപ്പോലെ അവിടെ തങ്ങൾക്കൊപ്പമിരുന്ന് ബാലഗോപാൽ വിശേഷങ്ങൾ ചോദിച്ചപ്പോൾ അവർക്ക് അതിശയമായി. പിന്നെ പരിഭ്രമങ്ങളെല്ലാം മാറ്റി അവർ കൂട്ടുകാരെപ്പോലെ വർത്തമാനം തുടങ്ങി. വിദ്യാലയങ്ങളും ആശുപത്രികളുമൊക്കെ ഹൈടെക് ആയതും കോവിഡ് കാലത്തും പ്രളയകാലത്തും സർക്കാർ കേരള ജനതയെ ചേർത്തുനിർത്തിയതും തെരുവ് നായയ്ക്ക് പോലും ഭക്ഷണം വിളമ്പിയതുമൊക്കെ അവർ സംസാരിച്ചു. അപ്പോഴേക്കും സി.പി.എം ഏരിയ കമ്മിറ്റി അംഗം എൻ.ബേബിയും ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ചന്ദ്രനും വാർഡ് മെമ്പർ ഗോപകുമാറുമടക്കമുള്ള നേതാക്കളും പ്രവർത്തകരും അടുത്തുകൂടി. പഞ്ചായത്തിലെ പ്രധാന കവലകളിലെല്ലാമിറങ്ങി വ്യാപാരികളോടൊക്കെ വർത്തമാനം പറഞ്ഞാണ് ബാലഗോപാൽ മടങ്ങിയത്.