തെന്മല: തെന്മല ജംഗ്ഷൻ, സ്ഥലത്തെ എൻ.ഡി.എ നേതാക്കൾ അരെയോ കാത്തുനിൽക്കുകയാണ്. പെട്ടെന്ന് അവിടേക്ക് ബി.ജെ.പി പതാകയുള്ള കാറിൽ പുനലൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആയൂർ മുരളിയെത്തി. തെന്മല ഡി.എഫ്.ഒ ഓഫീസിൽ ഒരുസെറ്റ് നാമനിർദ്ദേശപത്രിക കൂടി സമർപ്പിക്കാൻ എത്തിയതാണ്. വന്നിറങ്ങിയ പാടെ തൊട്ടടുത്തുള്ള പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് ആളുകൾ കൂട്ടത്തോടെ ഇറങ്ങി. നാമനിർദ്ദേശ പത്രിക നൽകൽ മാറ്റിവച്ച് സ്ഥാനാർത്ഥി അവർക്കടുത്തേക്ക് പോയി.
ആദ്യ വാക്കുകൾ ഇങ്ങനെ. 'ഞാൻ ആയൂർ മുരളി ഇവിടെയൊരു മാറ്റം വേണ്ടേ, സഹായിക്കണം'. അപ്രതീക്ഷിതമായി കണ്ടുകിട്ടിയ വോട്ടർമാരെ ആരെയും വിട്ടുകളഞ്ഞില്ല. എല്ലാവരോടും നിറ ചിരിയോട് വോട്ട് ചോദിച്ചു. ചിലർ സങ്കടങ്ങൾ പങ്കുവച്ചു. അവരെ തോളിൽതട്ടി ആശ്വസിപ്പിച്ചു. 'നമുക്ക് പരിഹാരം ഉണ്ടാക്കാം.' പള്ളിപരിസരത്ത് നിന്ന് നടന്നുനീങ്ങി വഴിയരികിൽ നിന്നവരോടെല്ലാം വോട്ട് ചോദിച്ചു. ഇതിനിടയിൽ പ്രവർത്തകർ ഓർമ്മിപ്പിച്ചു. സമയം കഴിയുന്നു, പത്രിക നൽകണം. പെട്ടെന്ന് ഡി.എഫ്.ഒ ഓഫീസിലേക്ക് അദ്ദേഹം നടന്നുകയറി.
കപട വാഗ്ദാനങ്ങളില്ല, പ്രവർത്തിക്കും
ജില്ലയിലെമ്പാടും കുടിവെള്ളം എത്തുന്നത് പുനലൂരിൽ നിന്നാണ്. പക്ഷെ പുനലൂരുകാർക്ക് കുടിവെള്ളമില്ല. ഇതിന്റെ ഉത്തരവാദികൾ ആരാണ്. വന്യമൃഗശല്യത്തിൽ കൃഷിനാശം പതിവാണ്. വർഷങ്ങളായുള്ള ഈ പ്രശ്നം പരിഹരിക്കേണ്ടത് ആരായിരുന്നു. വീടും ഭൂമിയും ഇല്ലാതെ നൂറുകണക്കിന് പേരുണ്ട്. ആരാണ് ഇതൊക്കെ നൽകേണ്ടിയിരുന്നത്. എല്ലാ ശരിയാക്കുമെന്ന് പറഞ്ഞ് കയറിയവരാണ്. ഒന്നും നടന്നില്ല. വലിയ വാഗ്ദാനങ്ങളൊന്നും താൻ നൽകുന്നില്ല. ജനങ്ങൾ അവസരം നൽകിയാൽ നന്നായി പ്രവർത്തിക്കും. ഇങ്ങനെ പോകുന്നു ആയൂർ മുരളിയുടെ വാക്കുകൾ.