c
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പ് ആദിച്ചനല്ലൂർ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളിയിലെത്തി വോട്ട് അഭ്യർത്ഥിക്കുന്നു

ആദിച്ചനല്ലൂർ: പുലർച്ചെ ഇറങ്ങിയതാണ് കുറുപ്പേട്ടൻ, ഞായറാഴ്ചയല്ലേ... പള്ളികളിലൊക്കെയൊന്ന് കയറി വോട്ടുതേടണം. ഇന്നലെ രാവിലെ മുതൽ ദേവാലയങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പ്. നാട്ടുകാർ അദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത് കുറുപ്പേട്ടനെന്നാണ്. രാവിലെ ആദിച്ചനല്ലൂർ ഓർത്തഡോക്സ്, മാർത്തോമാ പള്ളികളിലെത്തി വികാരിമാരെയും വിശ്വാസികളെയും കണ്ട് കുശലാന്വേഷണം. ഒടുവിൽ പിരിയാൻനേരം സ്വതസിദ്ധമായ ഒരു ചിരിയോടെ പറയും. 'കുറുപ്പേട്ടന് ഒരു വോട്ട് '. മുൻ പാർലമെന്റേറിയൻ കൂടിയായ പീതാംബരകുറുപ്പിന് മണ്ഡലത്തിൽ പരിചയക്കാരേറെയാണ്. അദ്ദേഹത്തിന്റെ വിജയത്തിനായുള്ള തീവ്രപ്രവർത്തനത്തിലാണ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവർത്തകർ.

ആരെയും കടന്നാക്രമിക്കാതെ ലളിതമായ വാക്കുകളിലാണ് വോട്ടുപിടിത്തം. അതിനിടയിലും കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ ഇടയ്ക്കിടെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ആദിച്ചനല്ലൂരിൽ നിന്ന് പൂയപ്പള്ളിയിലേക്കും തുടർന്ന് മൈലക്കാട് മേഖലയിലേക്കും പ്രചാരണം. ഇവിടെയുള്ള പള്ളികളിൽ കയറി അല്പസമയം ചെലവഴിച്ച ശേഷമായിരുന്നു പിന്നീടുള്ള യാത്ര. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം വോട്ടാക്കി മാറ്റി വിജയമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എൻ. പീതാംബരക്കുറുപ്പ്.

വിജയപ്രതീക്ഷ

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ യു.ഡി.എഫിന് തന്നെയാണ് വിജയമെന്ന് എൻ. പീതാംബരക്കുറുപ്പ് അടിവരയിട്ട് പറയുന്നു. നേരിൽക്കാണുന്ന പത്തിൽ ഏഴുപേരും അനുകൂലമായാണ് സംസാരിക്കുന്നത്. എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ ജനവിരുദ്ധ രാഷ്ട്രീയം ജനങ്ങൾക്ക് പൂർണമായും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.