c
ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി. എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ വോട്ട് അഭ്യർത്ഥിക്കുന്നു

കല്ലുവാതുക്കൽ: എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെ പരാജയപ്പെടുത്തി ചാത്തന്നൂർ മണ്ഡലത്തിൽ ഇക്കുറി മാറ്റമുറപ്പിക്കാനാണ് എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന്റെ തീവ്രശ്രമം. ' ഞാൻ ഗോപകുമാർ, ഇവിടുത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ്. ഇത്തവണ വോട്ട് എൻ.ഡി.എയ്ക്ക് നൽകണം' - കല്ലുവാതുക്കൽ പാറ ജംഗ്‌ഷനിലെ കടയിലെത്തി അവിടുത്തെ സ്ത്രീയോട് വോട്ടഭ്യർത്ഥിച്ചു. 'അറിയാം, ഞങ്ങൾ ഒപ്പമുണ്ട് '... അവരുടെ മറുപടിയും വേഗത്തിൽത്തന്നെ.

എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റെന്ന നിലയിലുള്ള പ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിൽ സുപരിചിതനാണ് ഗോപകുമാർ. സ്ഥാനാർത്ഥിയെ കണ്ടയുടൻ കുശലാന്വേഷണത്തിനായി ഒട്ടേറെ പരിചയക്കാർ അടുത്തേക്കെത്തുന്നുണ്ട്. മണ്ഡലത്തിലെ വോട്ടർമാരെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട മുഖമല്ലാത്തതിനാൽ വോട്ടുകളുറപ്പിച്ച്‌ വിജയക്കൊടി പാറിക്കാനുള്ള പ്രചാരണത്തിലാണ് എൻ.ഡി.എ പ്രവർത്തകർ.

മോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിനെതിരായ ജനവികാരവുമാണ് പ്രധാന പ്രചാരണായുധങ്ങൾ. മണ്ഡലത്തിലെ എം.എൽ.എക്കെതിരായ ആരോപണങ്ങളും വോട്ടർമാരോട് സൂചിപ്പിക്കുന്നുണ്ട്. ഓരോ വോട്ടും ഉറപ്പാക്കി ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള പ്രയത്നത്തിലാണ് അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ബി. ഗോപകുമാറാണ് യു.ഡി.എഫിനെ പിൻതള്ളി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്.

ഒപ്പമുണ്ട് പൊതുസമൂഹം


മണ്ഡലത്തിലെ ഓരോ കോണിൽ നിന്നുമുള്ള പ്രതികരണങ്ങൾ പൊതുസമൂഹം മാറ്റത്തിനായി കാത്തിരിക്കുകയാണെന്ന സൂചനയാണ് നൽകുന്നതെന്ന് ബി.ബി. ഗോപകുമാർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പൊള്ളത്തരങ്ങൾ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിലെ എം.എൽ.എയുടെ കള്ളത്തരങ്ങൾ മണ്ഡലത്തിൽ സജീവചർച്ചയാണ്. ഇവിടുത്തെ ജനങ്ങൾ ഒപ്പമുണ്ടെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.