ചാത്തന്നൂർ: ആദ്യത്തെ അവധിക്കാലം അവസാനത്തേതുകൂടിയാക്കി ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ച സൈനികന് നാടിന്റെ അന്ത്യാഞ്ജലി. ഇന്ത്യൻ സൈന്യത്തിൽ ആതുരസേവന വിഭാഗത്തിൽ ജോലി ചെയ്യുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നം ആനാംചാൽ അനന്തുഭവനിൽ സോമൻ - സുജ ദമ്പതിമാരുടെ മകൻ അനന്തു (22) അപ്രതീക്ഷിതമായാണ് വിടവാങ്ങിയത്. രണ്ടു വർഷം മുൻപാണ് സൈനികനായത്. അതു കഴിഞ്ഞുള്ള ആദ്യത്തെ അവധിയിൽ നാട്ടിലെത്തി വയനാട് മലനിരകളിലേയ്ക്ക് സൈനികരായ കൂട്ടുകാരുമൊത്ത് യാത്ര പോയി മടങ്ങി വരുമ്പോഴാണ് 18ന് പുലർച്ചെ 6ന് വാഹനാപകടത്തിൽ മരിച്ചത്. സുഹൃത്തിന്റെ ബൈക്കിൽ നിന്നിറങ്ങി പാതയോരത്ത് നിൽക്കവേ അമിതവേഗതയിലെത്തിയ കാർ അനന്തുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിദേശത്തു നിന്ന് ശനിയാഴ്ച നാട്ടിലെത്തിയ സോമൻ കാണുന്നത് മകന്റെ ചേതനയറ്റ ശരീരമാണ്.
കൊയ്ലോൺ മല്ലു സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഗഡ്വാർ റജിമെന്റിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്. ജി.എസ്. ജയലാൽ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു, ജില്ലാപഞ്ചായത്തംഗം ശ്രീജാ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദസ്തക്കീർ, ബി.ജെ.പി ജില്ലാ പ്രസിഡന്റും ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ബി.ബി. ഗോപകുമാർ, യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. പീതാംബരക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.