കൊല്ലം: തിരഞ്ഞെടുപ്പായാൽ ചുവരെഴുത്തുകൾ നിർബന്ധമാണ്. ഫ്ളക്സിന് നിയന്ത്രണങ്ങൾ കൂടിയതിനാൽ ഈ തിരഞ്ഞെടുപ്പിൽ ചുവരെഴുത്തിനാണ് പ്രാധാന്യം. സ്ഥാനാർത്ഥിയുടെ പേരും മുന്നണിയും ചിഹ്നവുമാണ് പണ്ടുമുതലേ ചുവരെഴുത്തിൽ തെളിയാറുള്ളത്. ഇക്കുറി അതിലും വെറൈറ്റി നോക്കുകയാണ് ചുവരെഴുത്ത് കലാകാരൻമാർ. സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമ പെൻഷൻ വിതരണവും വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റവുമടക്കം ചുവരുകളിൽ ചിത്രങ്ങളായി തെളിയുകയാണ്. അതുകൊണ്ടുതന്നെ വഴിയാത്രക്കാർ ഒന്ന് നിന്ന് നോക്കിയിട്ടേ കടന്നുപോകാറുള്ളൂ. കൊട്ടാരക്കര മണ്ഡലത്തിലെ എൽഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിനായി ഇത്തരത്തിൽ നിരവധി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രവും മറ്റ് വിവരണങ്ങളും കഴിഞ്ഞ് ഉറപ്പാണ് എൽ.ഡി.എഫ് എന്നുകൂടിയെഴുതാൻ ചിത്രകാരൻമാർ മറക്കാറില്ല. സ്ഥാനാർത്ഥി പ്രഖ്യാപനമെത്തും മുൻപുതന്നെ ഇടത് പാർട്ടികൾ ചുവരുകൾ വെള്ളയടിച്ച് ബുക്ക് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ആദ്യ ചുവരെഴുത്തുകൾ പൂർത്തിയാക്കിയതും അവരാണ്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ചുവരെഴുത്തിലൂടെ പട്ടിണിമാറ്റാനുള്ള അവസരമൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് എഴുത്തുകാരും.