ശാസ്താംകോട്ട: കുന്നത്തൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥികളുടെ പ്രചാരണം ശക്തമാകുന്നു. പോസ്റ്ററുകളും പ്രചാരണ ബോർഡുകളുമൊക്കെ എത്തിയതോടെ പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി. ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിയ മൂന്ന് മുന്നണികളും ബൂത്ത് കൺവെൻഷനുകളും കുടുംബയോഗങ്ങളും ആരംഭിച്ചു.രണ്ടാം ഘട്ട പ്രചാരണം ആരംഭിച്ച സ്ഥാനാർത്ഥികൾ ആരാധനാലയങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവാഹ ചടങ്ങുകൾ ,കോളനികൾ തുടങ്ങിയ കേന്ദ്രങ്ങളിൽ എത്തി വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ മൈനാഗപ്പള്ളി പഞ്ചായത്തിന്റെയും ശൂരനാട് വടക്ക് പഞ്ചായത്തിന്റെയും വിവിധ പ്രദേശങ്ങളിലെത്തി വോട്ട് അഭ്യർത്ഥിച്ചു. എൽ.എൻ.ഡി.എ സ്ഥാനാർത്ഥി രാജി പ്രസാദ് പോരുവഴി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പര്യടനം നടത്തി.