കൊല്ലം: തിരഞ്ഞെടുപ്പ് തിരക്കിനിടയിലും സാന്ത്വന പരിചരണ പദ്ധതികളുടെ കാര്യത്തിൽ കെ.എൻ.ബാലഗോപാലിന് വിട്ടുവീഴ്ചയില്ല. കൊല്ലം കെയർ ഹെൽത്ത് ആൻഡ് പാലിയേറ്റീവ് ഫെഡറേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടയിലും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. മാറാരോഗങ്ങൾക്ക് അടിപ്പെട്ട് മനസും ശരീരവും തളർന്നവർക്ക് അഭയവും സാന്ത്വനവും നൽകാനാണ് പാലിയേറ്റീവ് കെയർ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. സി.പി.എം മുൻകൈയെടുത്ത് കൊല്ലം കെയർ ഹെൽത്ത് ആൻഡ് പാലിയേറ്റീവ് ഫെഡറേഷൻ എന്ന സംഘടന രൂപീകരിച്ചപ്പോൾ ഈ ആശയം മുന്നോട്ടുവച്ച കെ.എൻ.ബാലഗോപാലിനെത്തന്നെ പ്രസിഡന്റാക്കി. ജില്ലയിലെ പാർട്ടി അംഗങ്ങളിൽ നിന്ന് ശേഖരിച്ച തുക ഉപയോഗിച്ച് കൊട്ടിയത്തിന് സമീപം ധവളക്കുഴിയിൽ ഏഴ് ഏക്കർ ഭൂമി വിലയ്ക്കുവാങ്ങിയാണ് എൻ.എസ്.പഠന ഗവേഷണ കേന്ദ്രത്തിനൊപ്പം കൊല്ലം കെയർ ഹെൽത്ത് ആൻഡ് പാലിയേറ്റീവ് ഫെഡറേഷന്റെ ആസ്ഥാനമന്ദിരം നിർമ്മിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ശിലയിട്ട മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണ് തിരഞ്ഞെടുപ്പെത്തിയത്. പ്രവർത്തനങ്ങളിൽ ഉഷാറായി നിൽക്കുമ്പോഴും പാലിയേറ്റീവ് പദ്ധതിയുടെകാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ബാലഗോപാൽ തയ്യാറല്ല. മിക്കപ്പോഴും നേരിട്ടുതന്നെ ധവളക്കുഴിയിലെത്തി നിർമ്മാണ പ്രവർത്തനം വിലയിരുത്താറുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഭാരവാഹിയായും പിന്നീട് സി.പി.എം ജില്ലാ സെക്രട്ടറിയായുമൊക്കെ പ്രവർത്തിച്ചപ്പോൾ കിടപ്പ് രോഗികളുടേതടക്കം നിരവധി നിവേദനങ്ങൾ കെ.എൻ.ബാലഗോപാലിന് ലഭിച്ചിരുന്നു. രോഗത്താലും ജീവിത സാഹചര്യങ്ങളാലും ദുരിതമനുഭവിക്കേണ്ടി വന്നവർക്കായി കരുതലും സ്നേഹവുമായി ഒരു പദ്ധതി നടപ്പാക്കണമെന്ന ചിന്തയാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ഡി.വൈ.എഫ്.ഐയുടെ ചെറുപ്പക്കാരെക്കൊണ്ട് ജില്ലാ ആശുപത്രിയിലടക്കം പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയ സ്പർശം പദ്ധതിയ്ക്ക് പ്രേരണ നൽകുന്ന ബാലഗോപാൽ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രാധാന്യം പൊതുസമൂഹം വിലയിരുത്തുന്നുണ്ട്.
സാന്ത്വന പരിചരണം നമ്മുടെ കർമ്മമാണ് : കെ.എൻ.ബാലഗോപാൽ
മനുഷ്യ സ്നേഹമാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കാതൽ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായിത്തന്നെ ജീവകാരുണ്യ പ്രവർത്തനവും നടത്തിവന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളത്. ജില്ലയിലെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് കൊല്ലം കെയർ ഹെൽത്ത് ആൻഡ് പാലിയേറ്റീവ് ഫെഡറേഷൻ രൂപീകരിച്ചത്. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ സാന്ത്വന പരിചരണ കേന്ദ്രങ്ങൾ തുടങ്ങിക്കഴിഞ്ഞു. കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ പ്രദേശങ്ങളിലെത്തുമ്പോഴും പ്രദേശത്തെ മുന്നണി പ്രവർത്തകരോട് ആവശ്യപ്പെടുന്നതും സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാണ്. ഗൃഹ കേന്ദ്രകൃത സാന്ത്വന പരിചരണത്തിന് മുൻതൂക്കം നൽകും. വാളന്റിയർമാർക്ക് പരിശീലനം നൽകി എല്ലാ മേഖലയിലും എത്തിയ്ക്കും.