കുണ്ടറ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേഴ്സിക്കുട്ടിഅമ്മയോട് പറയാൻ ഒത്തിരിക്കാര്യങ്ങളുണ്ടായിരുന്നു. തൊഴിലിടങ്ങളിലെ പ്രതിസന്ധികളെപ്പറ്റിയില്ല, റേഷൻകട വഴി നൽകിവരുന്ന കിറ്റുകളെപ്പറ്റി, വിദ്യാലയങ്ങളുടെ മാറ്റത്തെപ്പറ്റി, ആശുപത്രിയുടെ നിലവാരത്തെപ്പറ്റി തുടങ്ങി അവരെല്ലാം പറഞ്ഞത് ഇടതുപക്ഷം കൊണ്ടുവന്ന വികസനത്തെപ്പറ്റിയാണ്. സമയമെടുത്തുതന്നെ കണ്ടും കേട്ടും വർത്തമാനം പറഞ്ഞും മേഴ്സിക്കുട്ടിഅമ്മയും അവരിലൊരാളായി.
ഇന്നലെ മേക്കോണിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ കൺവെൻഷനിനാണ് തനി നാട്ടിൻപുറത്തുകാരിയായി കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് മേഴ്സിക്കുട്ടിഅമ്മയും കൂടെക്കൂടിയത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജെ. മേഴ്സിക്കുട്ടിഅമ്മയെ തീരുമാനിച്ചപ്പോൾത്തന്നെ തൊഴിലുറപ്പ് തൊഴിലാളികൾ വലിയ ആവേശത്തിലാണ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥിയെത്തിയപ്പോഴെല്ലാം തൊഴിലാളികൾ തങ്ങളുടെ സ്നേഹം പ്രകടമാക്കുകയും ചെയ്തു. കശുഅണ്ടി മേഖലയിലും വലിയ സ്വീകരണമാണ് ലഭിച്ചത്.