കൊല്ലം: സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇപ്പോൾ മോദി സർക്കാരിന്റെ അനുകൂല്യമെത്തുന്നുണ്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇരവിപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അയത്തിലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വിസ്മയകരമായ വികസന പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. ജാതിസ്പർദ്ധയും സംഘർഷങ്ങളും ഇല്ലാതായി. ചെറുപ്പക്കാർക്ക് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കേരളത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. സംസ്ഥാന ഭരണം പിടിക്കാനാണ് എൻ.ഡി.എ ഇത്തവണ മത്സരിക്കുന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ, ബി.ജെ.പി സംസ്ഥാന ലീഗൽ സെൽ കൺവീനർ ചന്ദ്രമോഹൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പച്ചയിൽ സന്ദീപ്, ജില്ലാ വൈസ് പ്രസിഡന്റ് ഏരൂർ സുനിൽ, മണ്ഡലം പ്രസിഡന്റ് ഹരി, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ നരേന്ദ്രൻ, ജയകുമാർ, വൈസ് പ്രസിഡന്റ് ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.