
കശുഅണ്ടി വ്യവസായ മേഖലയ്ക്കും മത്സ്യമേഖലയ്ക്കും ഉണർവ് പകരും
കൊല്ലം : കശുഅണ്ടി വ്യവസായ മേഖലയ്ക്കും മത്സ്യമേഖലയ്ക്കും ഉണർവ് പകരുന്നതാണ് യു.ഡി.എഫ് പ്രകടന പത്രികയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പരമ്പരാഗത വ്യവസായ തൊഴിലാളികൾക്ക് വരുമാനസഹായം (ഇൻകം സപ്പോർട്ട് സ്‌കീം) നടപ്പാക്കുമെന്ന വാഗ്ദാനം കശുഅണ്ടി തൊഴിലാളികൾക്ക് ഗുണം ചെയ്യും. 5 വർഷം മുമ്പ് ഉമ്മൻചാണ്ടി സർക്കാരാണ് തൊഴിലാളികളുടെ കൂലി പുതുക്കിയത്. അതിന്റെ കാലാവധി കഴിഞ്ഞിട്ടും ഈ സർക്കാർ കൂലി കൂട്ടിയില്ല. തൊഴിലാളികൾക്ക് നിശ്ചിത തുക കൂലിയായി കിട്ടുമെന്നുറപ്പാക്കുന്ന ഈ പദ്ധതി കശുഅണ്ടി മേഖലയിലെ വിപ്ലവകരമായ ചുവടുവയ്പ്പാണ്. പരമ്പരാഗത വ്യവസായങ്ങൾക്ക് പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്.
മത്സ്യബന്ധനാവകാശവും ആദ്യ വില്പനാവകാശവും മത്സ്യത്തൊഴിലാളികൾക്കായി നിജപ്പെടുത്തും, ഡീസൽ, പെട്രോൾ, മണ്ണെണ്ണ സബ്‌സിഡി ലഭ്യമാക്കും, സർക്കാർ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ അവർക്ക് തുല്യമായ വേതനം സർക്കാർ നൽകും, മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ, പട്ടയം ലഭ്യമല്ലാത്ത തീരദേശ നിവാസികൾക്ക് പട്ടയം, മത്സ്യബന്ധന ബോട്ടുകൾക്കും ഇന്ധന സബ്‌സിഡി, മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവനനിർമ്മാണ പദ്ധതി പുനരുജ്ജീവിപ്പിക്കൽ എന്നീ പ്രഖ്യാപനങ്ങൾ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.