കൊല്ലം: ഭരണിക്കാവിലെ ഒരു കശുഅണ്ടി ഫാക്ടറി. നിവർന്ന് നോക്കാൻ സമയമില്ലാത്ത ജോലിയിലാണ് തൊഴിലാളികൾ. അവിടേക്ക് പാർട്ടി പ്രവർത്തകർക്കൊപ്പം കടന്നുവരുകയാണ് കുന്നത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ. 'എന്റെ അമ്മയുടെയും കൈനിറയെ കശുഅണ്ടിക്കറയാണ്. ആ കൈ കൊണ്ടുവച്ച ചോറ് തിന്നാണ് ഞാൻ വളർന്നത്. ജീവിതത്തിൽ ഒരുപാട് തവണ ഞാൻ തോറ്റിട്ടുണ്ട്. വീണ്ടുമൊന്ന് പൊരുതി നോക്കുകയാണ്. സഹായിക്കണം'. ഇതുകേട്ടയുടൻ തൊട്ടടുത്തിരുന്ന തൊഴിലാളിസ്ത്രീ എഴുന്നേറ്റ് ഉല്ലാസിന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു. 'ഇത്തവണ മോൻ തോൽക്കരുത്. അമ്മ പ്രാർത്ഥിക്കും'. ഉല്ലാസ് ആ തൊഴിലാളി സ്ത്രീയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങി.
ഫാക്ടറിയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ബൈക്കിൽ പോയ രണ്ട് ചെറുപ്പക്കാർ ഉച്ചത്തിൽ വിളിച്ചു. 'ഉല്ലാസ് ബ്രോ...' അവരെ കൈ ഉയർത്തി അഭിവാദ്യം ചെയ്തശേഷം തൊട്ടടുത്ത കശുഅണ്ടി ഫാക്ടറിയിലേക്ക്. ഇന്നലെ കശുഅണ്ടി ഫാക്ടറികളിലും തൊഴിലുറപ്പ് കേന്ദ്രങ്ങളിലുമായിരുന്നു ഉല്ലാസിന്റെ പര്യടനം. പതാരത്തെ തൊഴിലുറപ്പ് കേന്ദ്രത്തിലെത്തിയപ്പോൾ ഒരു വീട്ടമ്മ ഉല്ലാസിനടുത്തേക്ക് ഓടിയെത്തി. 'അച്ഛന് അസുഖം കുറവുണ്ട് മോനേ.' ലോക്ക് ഡൗണിൽ പണമില്ലാതെ വലഞ്ഞപ്പോൾ ഇവരുടെ വീട്ടിൽ അരിയും മരുന്നും എത്തിച്ചത് ഉല്ലാസും സഹപ്രവർത്തകരുമായിരുന്നു. അവർ ഉല്ലാസിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി. അപ്പോൾ മറ്റ് വീട്ടമ്മമാർ കൂട്ടത്തോടെ പറഞ്ഞു. 'ഉല്ലാസിനെ ഞങ്ങൾക്കറിയാം. ഇത്തവണ വോട്ട് നിങ്ങൾക്കുതന്നെ'.
ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം
തടാകത്തിന്റെ നാടായിട്ടും ആയിരക്കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കാതെ വലയുന്നതെന്ന് ഉല്ലാസ് കോവൂർ പറയുന്നു. കുടിവെള്ളക്ഷാമം അടക്കമുള്ള ജനകീയ പ്രശ്നങ്ങൾ ഉയർത്തിയാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം. പല റോഡുകളുടെയും സ്ഥിതി ദയനീയമാണ്. ബസ് ഡിപ്പോ സ്ഥാപിക്കാൻ സ്ഥലമേറ്റെടുത്ത് നൽകാനായില്ല. താലൂക്ക് ആശുപത്രിയുടെ സ്ഥിതി പരിതാപകരമാണ്. ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കാൻ പുതിയ സംരംഭങ്ങളില്ല. ഇങ്ങനെ നീളുന്നു ഉല്ലാസ് കോവൂരിന്റെ ചെറുപ്രസംഗം.