
കൊല്ലം: കുട്ടിക്കാലം മുതലേ രാഹുൽ റിജി നായരുടെ മനസിൽ സിനിമയായിരുന്നു. വളർന്നപ്പോൾ സിനിമാ സംവിധായകനായി. കുഞ്ഞു റിജിയെപ്പോലെ സിനിമയെ സ്നേഹിക്കുന്ന വസുദേവിന്റെയും സൂര്യദേവിന്റെയും കഥയാണ് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ 'കള്ളനോട്ടം'. സൂര്യദേവും വസുദേവും റിജിയെപ്പോലെ സിനിമ പിടിക്കാൻ വലുതാകുന്നതുവരെ കാത്തുനിൽക്കാൻ തയ്യാറായില്ല. അവർ സിനിമ ചിത്രീകരിക്കാൻ ഒരു കാമറ മോഷ്ടിച്ചു. ആ കാമറ അവരുടെ കൈയിൽ ഒതുങ്ങിയില്ല. പല കൈകൾ മറിഞ്ഞു. മറിഞ്ഞ കൈകളിൽ ഒളിഞ്ഞിരുന്ന് ആ കാമറ കണ്ട കാഴ്ചകളാണ് കള്ളനോട്ടത്തിന്റെ പ്രമേയം. ഒരു വർഷം മുൻപ് സിനിമ പൂർത്തിയായിരുന്നു. കൊവിഡ് കാരണം ചലച്ചിത്രോത്സവങ്ങളിലൂടെ പ്രേക്ഷകരിലെത്തിക്കാൻ ഏറെ നാൾ കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞമാസം നടന്ന കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.കെയിൽ നടക്കുന്ന ചലച്ചിത്രോത്സവത്തിലും പ്രദർശിപ്പിക്കും.
ആദ്യ ചിത്രത്തിനും ആവാർഡ്
റിജിയുടെ ആദ്യചിത്രമായ ഒറ്റമുറിക്ക് 2017ൽ ഏറ്റവും മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. ഇപ്പോൾ 'കോഖോ' എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. രജീഷ വിജയനാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിജി ബി.ടെക്, എം.ബി.എ ബിരുദധാരിയാണ്. ഐ.ടി കമ്പിനിയിലെ ജോലി ഉപേക്ഷിച്ചാണ് നാല് വർഷം മുൻപ് ആദ്യചിത്രമായ ഒറ്രമുറി സംവിധാനം ചെയ്തത്. കൊല്ലം പട്ടത്താനം സ്വദേശിയാണ്. കൺസ്യൂമർഫെഡ് മുൻ എം.ഡി റിജി.ജി. നായരുടെ മകനാണ്. ഐ.ടി കമ്പിനി ജീവനക്കാരി നിത്യ ഭാര്യയാണ്.