photo
അപകടത്തെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട് വീൽച്ചെയറിലായ കണ്ണനെ തേടി കെ.എൻ. ബാലഗോപാൽ എത്തിയപ്പോൾ

ആശ്വാസ വാക്കുകളുമായി കെ.എൻ. ബാലഗോപാൽ

കൊല്ലം: 'വിഷമിക്കേണ്ട, കൂടെയുണ്ടാകും' - കെ.എൻ. ബാലഗോപാൽ ഇത് പറഞ്ഞപ്പോൾ കണ്ണന്റെ മാത്രമല്ല, ഭാര്യയുടെയും മക്കളുടെയും കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം. ഇന്നലെ ഉച്ചയോടെയായിരുന്നു വികാര നിർഭരമായ നിമിഷങ്ങൾ. കൊട്ടാരക്കര പെരുംകുളം സ്വദേശിയായ കണ്ണനും കുടുംബവും താമസിക്കുന്ന കോട്ടാത്തല കളീലുവിള ഭാഗത്തെ വാടക വീട്ടിലെത്തിയാണ് ബാലഗോപാൽ ചേർത്തുനിറുത്തി ആശ്വാസവാക്കുകൾ പറഞ്ഞത്.

പെയിന്റിംഗ് ജോലിക്കാരനായിരുന്നു കണ്ണൻ. 2017ൽ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് സുക്ഷുമ്ന നാഡിക്ക് ക്ഷതമേറ്റു. ഏറെനാൾ അനങ്ങാൻ പോലുമാകാതെ കിടപ്പിലായിരുന്നു. പരസഹായത്തോടെ വീൽച്ചെയറിൽ ഇരിക്കാമെന്ന ഘട്ടമെത്തിയതോടെ കണ്ണൻ സ്വയംതൊഴിൽ ചെയ്യാൻ തുടങ്ങി. കുടയും പേനയും നിർമ്മിച്ച് വിൽപ്പന നടത്താൻ തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ പട്ടിണി അകന്നുതുടങ്ങിയത്. പറക്കമുറ്റാത്ത മക്കളുടെ പഠനവും വീട്ടുചെലവുമെല്ലാം ഈ സ്വയംതൊഴിൽ സംരംഭങ്ങളിൽ നിന്നുണ്ടാക്കേണ്ടതുണ്ട്. സ്കൂൾ തുറപ്പ് പ്രതീക്ഷിച്ച് കുടകൾ നിർമ്മിച്ചത് കൊവിഡ് കാലമായതിനാൽ വിപണനം നടക്കാതെ നഷ്ടമുണ്ടാക്കി. തിരഞ്ഞെടുപ്പ് കാലമായപ്പോൾ സ്ഥാനാർത്ഥികളുടെ മുഖവും ചിഹ്നവും മുന്നണിയുടെ പേരും ചേർത്ത പേപ്പർ പേനകളുണ്ടാക്കി. കൊട്ടാരക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ ചിത്രമുള്ള പേനകൾ പെട്ടെന്ന് ഹിറ്റായി. പാർട്ടി പ്രവർത്തകർ കണ്ണനെ തേടിയെത്തി എട്ടും പത്തും രൂപ വീതം നൽകി പേനകൾ വാങ്ങി. വാർത്ത ബാലഗോപാലിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കണ്ണനെ കാണാൻ അദ്ദേഹം ഓടിയെത്തിയത്. വാടക വീടിന്റെ പടികയറി ബാലഗോപാൽ എത്തുമ്പോൾ വീൽച്ചെയറിലിരുന്ന് പേന നിർമ്മിക്കുന്ന തിരക്കിലായിരുന്നു കണ്ണൻ. വരുന്ന മഴക്കാലത്തെ പ്രതീക്ഷയർപ്പിച്ച് തൊട്ടടുത്തായി കുട നിർമ്മാണത്തിലായിരുന്നു ഭാര്യ ശില്പ. മക്കൾ ദേവദത്തനും ദേവനന്ദനും കളിചിരിയുമായി കൂടെയുണ്ടായിരുന്നു. എല്ലാവരോടും വർത്തമാനം പറഞ്ഞും തിരഞ്ഞെടുപ്പിന് ശേഷം വീണ്ടുമെത്തുമെന്ന ഉറപ്പ് നൽകിയുമാണ് ബാലഗോപാൽ ഇറങ്ങിയത്. കണ്ണൻ നിർമ്മിച്ച ചുവന്ന കുടയും പേനകളും വാങ്ങി അദ്ദേഹം മടങ്ങിയപ്പോൾ കണ്ണനും പറഞ്ഞു 'ഇതാണ് സഖാവ്!'. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ചന്ദ്രനും ഗ്രാമപഞ്ചായത്തംഗം സുരേഷും ഡി.വൈ.എഫ്.ഐ നേതാക്കളായ എസ്. അരവിന്ദും വി.എസ്. സന്ദീപും എസ്. അരുണും ബാലഗോപാലിനൊപ്പമുണ്ടായിരുന്നു.