photo
കുട്ടിസഖാവ്... കുണ്ടറയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടിഅമ്മയ്ക്ക് അഭിവാദ്യം അർപ്പിക്കുന്ന കുട്ടി

കൊല്ലം: "ഞങ്ങൾ കാത്തിരിക്കുവാരുന്നു, ഇങ്ങോട്ട് വോട്ടുചോദിച്ച് സഖാവ് വരേണ്ട കാര്യമില്ല, എന്നാലുമൊന്ന് കാണാല്ലോ"- കുണ്ടറയിലെ കശുഅണ്ടി ഫാക്ടറിയിലെത്തിയ ഇടതുമുന്നണി സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടി അമ്മയുടെ അടുത്തേക്ക് ഓടിയെത്തിയ തൊഴിലാളി പറഞ്ഞതാണ് ഈ വാക്കുകൾ. അടഞ്ഞുകിടന്ന ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ മേഴ്സിക്കുട്ടി അമ്മ കൈക്കൊണ്ട നടപടികളെപ്പറ്റി എല്ലാവർക്കുമറിയാം. അതിന്റെ സ്നേഹം എപ്പോഴും അവർക്കുകാണും. വീട്ടിലെയും നാട്ടിലെയും വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും മന്ത്രി തൊഴിലാളികൾക്കൊപ്പം ഏറെ സമയം ചെലവഴിച്ചു. കശുഅണ്ടി തൊഴിലാളികളിൽ ചിലർക്ക് മേഴ്സി സഖാവാണ്, മറ്റുചിലർക്ക് ചേച്ചിയാണ്. കശുഅണ്ടിക്കറയുള്ള കൈകളുമായി അവരെത്തി ചേർത്ത് നിറുത്തിയും കെട്ടിപ്പിടിച്ചും സ്നേഹം പങ്കിട്ടപ്പോൾ മേഴ്സിക്കുട്ടിഅമ്മയും അവരിലൊരാളായി മാറി.

ഭർത്താവിന്റെ ചികിത്സയ്ക്ക് സഹായം നൽകിയതിന് നന്ദിയറിയിച്ച് മഞ്ജുഷയും മക്കളുടെ പഠനത്തിന് സഹായമെത്തിച്ചതിന് നല്ല വാക്കുപറയാൻ സുമയും മുന്നോട്ടുവന്നു. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും തൊഴിലാളികൾക്കൊപ്പം നിന്ന സഖാവിന്റെ വിജയത്തിനായി ഫാക്ടറിയ്ക്കകത്തും പുറത്തും പ്രചാരണം നടത്താൻ തൊഴിലാളികൾക്ക് മടിയില്ല. അടുത്ത ഫാക്ടറിയിലേക്ക് മേഴ്സിക്കുട്ടിഅമ്മയും സംഘവുമെത്തിയപ്പോൾ കണിക്കൊന്ന പൂക്കളുമായാണ് തൊഴിലാളികളുടെ വരവേല്പ്.

തഴുത്തല സ്വദേശി രാധാമണിക്ക് കാലിന് വൈകല്യമുണ്ടെങ്കിലും മേഴ്‌സികുട്ടിഅമ്മയെ കാണാൻ വീടിനു മുന്നിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വൈകല്യം മറന്നുള്ള ആ കാത്തുനിൽപ്പിന് സ്നേഹചുംബനം നൽകിയാണ് സ്ഥാനാർത്ഥി കടന്നുപോയത്.

വോട്ടർമാർക്ക് ഒരേ സ്വരം, തുടരണം ഈ ഭരണം...

കൊല്ലം : വിഷു എത്തുന്നതിന് മുൻപുതന്നെ കൈനീട്ടമായി ക്ഷേമ പെൻഷൻ നൽകാൻ തീരുമാനിച്ച സർക്കാരിന് അഭിവാദ്യമർപ്പിച്ച് കുണ്ടറയിലെ വോട്ടർമാർ. വോട്ടഭ്യർത്ഥിക്കാനെത്തിയ ജെ. മേഴ്സികുട്ടിഅമ്മയെ പുഷ്പഹാരങ്ങൾ നൽകിയാണ് ജനങ്ങൾ സ്വീകരിച്ചത്. എല്ലാവരോടും കുശലാന്വേഷണങ്ങൾ നടത്തിയ മന്ത്രി ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചാണ് പ്രസംഗത്തിൽ ഉടനീളം പരാമർശിച്ചത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ ഒന്നര വർഷം ക്ഷേമ പെൻഷൻ നൽകിയില്ല. തുടർന്ന് അധികാരത്തിലെത്തിയ പിണറായി സർക്കാർ തുക 1600 രൂപയാക്കി ഉയർത്തി. ഇത് 2500 രൂപയാക്കുമെന്നാണ് എൽ.ഡി.എഫ് പ്രകടന പത്രികയിലെ ഉറപ്പ്. മഹാമാരി സമയത്ത് തടസമില്ലാതെ ഭക്ഷ്യക്കിറ്റുകൾ നൽകാൻ കഴിഞ്ഞത് സർക്കാരിന്റെ നേട്ടമാണെന്നും മന്ത്രി വ്യക്തമാക്കി.