congress
congress

കൊട്ടാരക്കര: തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിട്ടും കൊട്ടാരക്കരയിൽ യു.ഡി.എഫിലെ പടലപ്പിണക്കങ്ങൾ തീർന്നില്ല. കഴിഞ്ഞ ദിവസം കോൺഗ്രസ് ഭവനിൽ ചേർന്ന യു.ഡി.എഫ് യോഗത്തിലും വാക്കേറ്റമുണ്ടായി. വെളിയം പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെ മാറ്റി നിറുത്തിയതുമായി ബന്ധപ്പെട്ടാണ് ചർച്ച തുടങ്ങിയത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണനെതിരെ രണ്ടുപേർ പരാമർശം നടത്തിയതോടെ നാരായണനൊപ്പമുള്ളവരും എഴുന്നേറ്റു. തുടർന്ന് ഇരു വിഭാഗങ്ങളിൽ തമ്മിൽ കയ്യാങ്കളിയുടെ വക്കോളമെത്തി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവെൻഷൻ നടന്നപ്പോഴും അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു. പ്രബല വിഭാഗം കൺവെൻഷൻ നടക്കുന്ന സ്ഥലത്തെത്തിയെങ്കിലും അകത്തേക്ക് കയറാതെ മാറി നിന്നു. ഇവരെ അനുനയിപ്പിക്കാൻ പിന്നീട് ശ്രമം നടന്നുവെങ്കിലും വെളിയത്തെ കോൺഗ്രസിനുള്ള കലാപങ്ങൾ ആളിക്കത്തിയതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയാണ്.

വെളിയത്തെ വിഷയം ചെറുതല്ല

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റികളിലും പരിപാടികളും വെളിയം പഞ്ചായത്തിലെ കോൺഗ്രസ് വെളിയം, ഓടനാവട്ടം മണ്ഡലം പ്രസിഡന്റുമാരെ ഒഴിവാക്കി. ഇരു മണ്ഡലങ്ങളിലുമായി 24 ബൂത്ത് കമ്മിറ്റികളും 19 വാർഡ് കമ്മിറ്റികളും 64 മണ്ഡലം ഭാരവാഹികളും എട്ട് ബ്ളോക്ക് ഭാരവാഹികളുമുണ്ട്. ഇതിൽ 19 ബൂത്ത് പ്രസിഡന്റുമാരെയും 15വാർഡ് പ്രസിഡന്റുമാരെയും 52 മണ്ഡലം ഭാരവാഹികളെയും 5 ബ്ളോക്ക് ഭാരവാഹികളെയും ഒഴിവാക്കിയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഓടനാവട്ടം, കട്ടയിൽ മെമ്പർമാരെപ്പോലും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ സജ്ജമായിരുന്നപ്പോഴാണ് കൊടിക്കുന്നിൽ സുരേഷ് എം.പി ഇടപെട്ട് തങ്ങളെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിറുത്തിയതെന്ന് ഓടനാവട്ടം മണ്ഡലം പ്രസിഡന്റ് ഓടനാവട്ടം വിജയപ്രകാശ് പറഞ്ഞു. ഇതുസംബന്ധിച്ച് കെ.പി.സി.സിയ്ക്കും എ.ഐ.സി.സിയ്ക്കും പരാതി നൽകിയിട്ടുണ്ട്.