chamakkala

പത്തനാപുരം: ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരിടത്തേക്ക് അതിവേഗം പായുകയാണ് പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല. നേരിൽ കാണുന്നവരെല്ലാം വോട്ട് ഉറപ്പ് പറയുന്നു. അതുകൊണ്ട് തന്നെ പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

ജ്യോതികുമാർ മാത്രമല്ല, യു.ഡി.എഫ് പ്രവർത്തകരൊന്നാകെ പല വഴികളിലൂടെ വോട്ട് തേടി സഞ്ചരിക്കുന്നു.

മേലിലയിലെ പര്യടനത്തിന് ശേഷം ജ്യോതികുമാർ വെട്ടിക്കവലയിലെ കശുഅണ്ടി ഫാക്ടറിയിൽ വോട്ട് ചോദിച്ചെത്തി. ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കും. എല്ലാ കുടുംബങ്ങൾക്കും ന്യായ് പദ്ധതിയിലൂടെ പ്രതിമാസം ആറായിരം രൂപ, എല്ലാവർക്കും സൗജന്യ ചികിത്സ ലഭ്യമാക്കാൻ ബിൽരഹിത ആശുപത്രികൾ ഇങ്ങനെ യു.ഡി.എഫ് പ്രകടന പത്രികയിലെ ശ്രദ്ധേയ പദ്ധതികൾ അവതരിപ്പിച്ചു. എന്നിട്ട് ഓരോ തൊഴിലാളിയുടെയും അടുത്തേക്കെത്തി വിശേഷങ്ങൾ തിരക്കി. പിന്നെ സൗമ്യമായി വോട്ട് ചോദിച്ചു.

അപ്പോൾ അവിടേക്ക് യു.ഡി.എഫിന്റെ ഗൃഹസന്ദർശന സ്ക്വാഡെത്തി. പിന്നെ ഫാക്ടറിക്കുള്ളിൽ പെട്ടെന്നൊരു യു.ഡി.എഫ് യോഗം ചേർന്നു. ഇതുവരെ നടത്തിയ പ്രവർത്തനം വിലയിരുത്തി. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. നമ്മൾ ജയിക്കും. ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കശുഅണ്ടി തൊഴിലാളികളെയും പ്രവർത്തകരെയും കൈ വീശി അഭിവാദ്യം ചെയ്ത് ജ്യോതികുമാർ അടുത്ത കേന്ദ്രത്തിലേക്ക് പുറപ്പെട്ടു.

 പ്രതീക്ഷ കുന്നോളം

പത്തനാപുരത്ത് ഇത്തവണ കുന്നോളം പ്രതീക്ഷയുണ്ടെന്ന് ജ്യോതികുമാർ ചാമക്കാല പറയുന്നു. അതിനൊപ്പം പത്തനാപുരത്തെ അടിസ്ഥാന പ്രശ്നങ്ങളും ഉയർത്തുന്നു. താലൂക്ക് ആശുപത്രി ദയനീയാവസ്ഥയിലാണ്. കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ തവണ വിജയിച്ചവർ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയില്ല. ഇതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ വികാരമുണ്ട്. യു.ഡി.എഫിന്റെ ഒരുമിച്ചുള്ള പ്രവർത്തനം കൂടിയാകുമ്പോൾ പത്തനാപുരം ഇത്തവണ യു.ഡി.എഫിനൊപ്പമാകും.