
കൊല്ലം: തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുമ്പോൾ ഷൈലജയുടെ മനസിൽ ആ പഴയ തിരഞ്ഞെടുപ്പുകാലം തെളിയുകയാണ്. ആലപ്പുഴയിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ച സന്തോഷവുമായി ഭരത് മുരളി വീട്ടിലെത്തിയ സമയം മുതലുള്ള കാര്യങ്ങൾക്കൊന്നും ഇപ്പോഴും മങ്ങലേറ്റിട്ടില്ല. ഏത് തിരഞ്ഞെടുപ്പ് വന്നാലും അതൊക്കെ ഓർക്കാനും ആരോടെങ്കിലുമൊക്കെ പറയാനും ഷൈലജയ്ക്ക് ഇഷ്ടവുമാണ്.
രാത്രിയിലാണ് അന്ന് മുരളി വീട്ടിലേക്ക് വന്നത്. വന്നയുടൻ പറഞ്ഞത് "വി.എസ്. പറഞ്ഞു, മത്സരിക്കാൻ, എനിയ്ക്കെന്തോ വല്ലാത്ത ത്രില്ല്, ഇയാൾക്കോ?" പറഞ്ഞത് മുഴുവൻ കേൾക്കും മുമ്പേ "അയ്യോ" എന്ന് വിളിച്ചുപോയെന്നാണ് ഷൈലജ പറയുന്നത്. ഭർത്താവ് ഇടതു സ്ഥാനാർത്ഥിയാകുന്നതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും ജോലി രാജിവയ്‌ക്കേണ്ടി വരുമല്ലോ എന്നോർത്തപ്പോഴാണ് അയ്യോയെന്ന് പറയേണ്ടി വന്നത്.
കേരള സർവകലാശാലയിലായിരുന്നു അന്ന് മുരളിക്ക് ജോലി. ജോലി കളഞ്ഞ് മത്സരിക്കാൻ പോകണോ എന്ന് മുരളിയുടെ അമ്മ ദേവകിക്കും സംശയമുണ്ടായിരുന്നു. പക്ഷേ, മത്സരിക്കുന്നതിനോടായിരുന്നു ബന്ധുക്കൾക്കും കൂട്ടുകാർക്കും താത്പര്യം. വേണു നാഗവള്ളിയും ചെറിയാൻ കല്പകവാടിയും പി. ശ്രീകുമാറുമൊക്കെ നിർബന്ധിച്ചു. പ്രചാരണത്തിന് ഒപ്പമുണ്ടാകുമെന്ന് പറഞ്ഞു. ഉറപ്പു പറഞ്ഞതു പോലെ അവരെല്ലാം മുരളിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. അങ്ങനെ 1999ൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ മുരളി അങ്കത്തട്ടിലിറങ്ങി. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിന്റെ വി.എം. സുധീരനായിരുന്നു. മുരളിയുടെ പ്രചാരണ യോഗങ്ങളിലെല്ലാം വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. പക്ഷേ, ഫലമെത്തിയപ്പോൾ മുരളി പരാജയപ്പെട്ടു. സുധീരന് 35,094 വോട്ടിന്റെ ഭൂരിപക്ഷം. ജോലി രാജിവച്ചതുകൊണ്ട് മുരളി സിനിമയിൽ വീണ്ടും സജീവമായി. അപ്പോഴാണ് സംഗീത നാടക അക്കാഡമി ചെയർമാനാക്കിക്കൊണ്ട് ഇടത് സർക്കാർ തീരുമാനമെടുത്തത്. ഏല്പിച്ച ജോലി കൃത്യമായി ചെയ്തു. അക്കാഡമിയുടെ സുവർണ കാലഘട്ടമായിരുന്നു അത്. 2009 ആഗസ്റ്റ് 6-നായിരുന്നു മുരളിയുടെ മരണം.
ഓണക്കാലത്തെ തിരഞ്ഞെടുപ്പ്
ഓണക്കാലത്തായിരുന്നു തിരഞ്ഞെടുപ്പ്. എത്ര തിരക്കുണ്ടെങ്കിലും ഏത് ലൊക്കേഷനിലായാലും തിരുവോണത്തിന് തിരുവനന്തപുരത്ത് പണ്ഡിറ്റ്സ് കോളനിയിലെ വീട്ടിലെത്തി ഒരുമിച്ചിരുന്ന് ഉണ്ണുന്നതാണ് മുരളിക്കിഷ്‌ടം. പ്രചാരണത്തിന്റെ തിരക്കിൽ നിന്ന് മാറിനിൽക്കാൻ പറ്റില്ലെന്നായപ്പോൾ അത്തവണ അങ്ങോട്ടു ചെല്ലാൻ ഷൈലജയോടു പറഞ്ഞു. മകൾ കാർത്തികയെയും കൂട്ടി ഷൈലജ ചെന്നു. ചെറിയാൻ കല്പകവാടിയുടെ വീട്ടിലായിരുന്നു ഓണസദ്യ. ഒന്നിച്ചിരുന്ന് ഉണ്ടു.