കരുനാഗപ്പള്ളി: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെ കരുനാഗപ്പള്ളിയിൽ നേർക്കുനേർ പോരാട്ടത്തിന് കളമൊരുങ്ങി. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷും എൻ.ഡി.എ സ്ഥാനാർത്ഥി ബിറ്റി സുധീറും തമ്മിലാണ് പോരാട്ടം. ഇതുകൂടാതെ ഭാർഗവൻ (എസ്.യു.സി.ഐ), സുമയ്യ നജീബ് (എസ്.ഡി.പി.ഐ), മധു (എ.ഡി.എച്ച്.ആർ.എം) എന്നിവരും മത്സരരംഗത്തുണ്ട്. ഇടതു, വലത് സ്ഥാനാർത്ഥികൾ ആദ്യറൗണ്ട് തിരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കി സ്വീകരണ പരിപാടികളിലേക്ക് കടന്നു. ഏറ്റവും ഒടുവിലാണ് എത്തിയതെങ്കിലും അഡ്വ. ബിറ്റി സുധീർ കുറച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ മണ്ഡലത്തിലെ എല്ലാ മേഖലകളിലും സജീവമായി.
കഴിഞ്ഞ തവണ 1759 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ഇടതുപക്ഷം വിജയിച്ചു കയറിയത്. മണ്ഡലം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.ആർ. മഹേഷും അഡ്വ. ബിറ്റി സുധീറും പ്രചാരണം കൊഴുപ്പിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രൻ ഇന്നലെ കുലശേഖരപുരത്തെ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ടുതേടിയെത്തി. തുടർന്ന് കോളേജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദർശനം നടത്തി. വൈകിട്ട് കരുനാഗപ്പള്ളി ടൗണിൽ പര്യടനം നടത്തി.
യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ് കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളി മേഖലയിൽ പര്യടനം നടത്തി. തുടർന്ന് കരുനാഗപ്പള്ളി ആശുപത്രി ജംഗ്ഷനിലും ഹൈസ്കൂൾ ജംഗ്ഷനിലുമുള്ള കടകമ്പോളങ്ങൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിച്ചു. ഇന്നലെ വൈകിട്ട് 3 മണി മുതൽ സി.ആർ. മഹേഷിന്റെ സ്വീകരണ പരിപാടികൾ ആരംഭിച്ചു. ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിലെ വെള്ളനാതുരുത്തിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടി രാത്രി 8 മണിയോടെ അഴീക്കലിൽ സമാപിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീർ കൊഞ്ച് പൊളിക്കുന്ന തൊഴിലിടങ്ങളിൽ രാവിലെ സന്ദർശനം നടത്തി. തുടർന്ന് കോഴിക്കോട്ട് ഐ.ആർ.ഇ സെറ്റിൽമെന്റ് കോളനി, സുനാമി പുനരധിവാസ കേന്ദ്രങ്ങളായ മഹാരാഷ്ട്ര കോളനി, സാൽവേഷൻ ആർമി, തൊഴിലുറപ്പ് കേന്ദ്രങ്ങൾ, തീപ്പട്ടി കമ്പനികൾ എന്നിവിടങ്ങൾ സന്ദർശിച്ച് വോട്ടുതേടി.