jiythin-dev

പിടവൂർ: സൗമ്യമായ പെരുമാറ്റമാണ് ജിതിൻ ദേവിനെ മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. പത്തനാപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്. ജിതിൻ ദേവ് വോട്ടർമാരുടെ മനസിലേക്കാണ് തേര് തെളിച്ച് മുന്നേറുന്നത്.
പത്തനാപുരത്താണ് എൻ.ഡി.എയുടെ പ്രധാന തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്. രാവിലെ എട്ടോടെ ജിതിനെത്തും. തുടർന്ന് പ്രവർത്തകർക്കൊപ്പം പകലന്തിയോളം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടുതേടൽ. തിരികെയെത്തുമ്പോഴേയ്ക്കും നേരം ഇരുട്ടിയിരിക്കും. എന്നാലും തിരഞ്ഞെടുപ്പ് ഓഫീസിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയേ മടങ്ങൂ. ശാസ്താംകോട്ട സ്വദേശിയായ ജിതിൻ പത്തനാപുരത്താണ് താത്കാലികമായി താമസിക്കുന്നത്.

നന്നായി ഒന്നദ്ധ്വാനിച്ചാൽ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് ജിതിന്റെയും നേതാക്കളുടെയും വിശ്വാസം.
ഇന്നലെ രാവിലെ പത്തനാപുരത്തായിരുന്നു പര്യടനം. പിന്നീട് തലവൂരെത്തി കശുഅണ്ടി ഫാക്ടറിയിൽ കയറി. 'ഞാൻ എൻ.ഡി.എ സ്ഥാനാർത്ഥി ജിതിൻ. ഇക്കുറി നിങ്ങളുടെ വോട്ട് എനിക്കു തരണം. എന്ത് കാര്യത്തിനും ഞാൻ നിങ്ങൾക്കൊപ്പമുണ്ടാവും ഉറപ്പ് '. ജിതിന്റെ വാക്കുകളിലെ ആത്മാർത്ഥത തിരിച്ചറിഞ്ഞ തൊഴിലാളികൾ വോട്ട് ഉറപ്പ് നൽകുന്നു. പിന്നീട് നേരെ പോയത് പള്ളികളിലെ വൈദികരെ കാണാനാണ്. അവരുടെ അനുഗ്രവും വാങ്ങി ജിതിൻ പറങ്കിമാംമുകൾ ജംഗ്ഷനിലെത്തി. എല്ലാ കടകളിലും കയറി വോട്ടു ചോദിച്ചു. ജിതിനെ കാണാൻ കാത്തുനിന്നവരും ഏറെയുണ്ടായിരുന്നു. വിശ്രമം മറന്ന് നേരെ വെട്ടിക്കവലയിൽ. കൂടിനിന്നവരോട് കുശലാന്വേഷണം നടത്തി വോട്ട് ചോദിക്കുന്നു. വൈകുന്നേരത്തോടെ ചെങ്ങമനാട്ടെത്തി. ഇവിടെയും ജനം ആവേശത്തോടെ വരവേറ്റു. ബസിൽ പോകുന്നവരും സ്വകാര്യ വാഹന യാത്രക്കാരും ജിതിന് കൈവീശി അഭിവാദ്യമേകുന്നു. പിടവൂരിലെയും വിളക്കുടിയിലെയും കൺവെൻഷനുകളിൽ നൂറ് കണക്കിന് പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. ചടങ്ങ് കഴിഞ്ഞപ്പോഴേക്കും രാത്രിയായി. നേരെ പാർട്ടി ഓഫീസിലേയ്ക്ക്.


 മാറിനിൽക്കുന്ന വികസനത്തിന് മാറ്റം വേണം

പത്തനാപുരത്ത് 20 കൊല്ലമായി ഇടത് - വലത് മുന്നണികൾ മാറി മാറി ഭരിക്കുകയാണ്. ഒരു താലൂക്ക് ആശുപത്രി പോലും കൊണ്ടുവരാൻ ഇവിടുത്തെ എം.എൽ.എയ്ക്ക് ആയിട്ടില്ല. വികസനം ഇനിയും പത്തനാപുരത്തുനിന്ന് മാറിനിൽക്കുന്നു. ഇതിന് മാറ്റം വരണം. ഇവിടെ എല്ലാ പഞ്ചായത്തുകളിലും ബി.ജെ.പിക്ക് മെമ്പർമാരുണ്ട്. അതിനാൽ നല്ല വിജയപ്രതീക്ഷയിലാണെന്നും ജിതിൻ ദേവ്‌ പറയുന്നു.