ganesh

പത്തനാപുരം: ജില്ലയിലെ മറ്റ് സ്ഥാനാർത്ഥികളെല്ലാം നാടിളക്കി പ്രചാരണം നടത്തുമ്പോൾ അൽപ്പം പിന്നിലാണ് ഗണേശ് കുമാർ. കൊവിഡ് മുക്തനായതിന് പിന്നാലെ ന്യുമോണിയ ബാധിച്ചു. രോഗം ഭേദമായപ്പോഴേക്കും അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയുടെ ആരോഗ്യനില വഷളായി. അങ്ങനെ അച്ഛനൊപ്പം ആശുപത്രിയിൽ നിൽക്കേണ്ടിവന്ന ഗണേശ് കുമാർ ഞായറാഴ്ച മുതലാണ് പരസ്യപ്രചാരണം തുടങ്ങിയത്.

ആരോഗ്യം പൂർണതോതിൽ വീണ്ടെടുത്തിട്ടില്ലാത്തതിനാൽ മറ്റ് സ്ഥാനാർത്ഥികളെപ്പോലെ ഓടിനടന്ന് വോട്ട് ചോദിക്കാനാകുന്നില്ല. മൂന്ന് ദിവസമായി തുറന്ന വാഹനത്തിൽ വോട്ടർമാരെ അഭിവാദ്യം ചെയ്യുകയാണ്. നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് ഗണേശ് കുമാർ ഓരോ സ്വീകരണ കേന്ദ്രങ്ങളിലുമെത്തുന്നത്. ഇന്നലെ രാവിലെ പട്ടാഴി വടക്കേക്കര മെതുകുമേൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ 15 കിലോ മീറ്രറോളം സഞ്ചരിച്ചു. ഉച്ചയ്ക്ക് ശേഷം പത്തനാപുരം കുണ്ടയത്ത് നിന്ന് തുടങ്ങിയ പര്യടനം മാങ്കോട് സമാപിച്ചു.

 വികസനം ചൂണ്ടിക്കാട്ടി വോട്ടുതേടൽ

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിൽ നടപ്പാക്കിയ 600 കോടിയുടെ വികസനം ചൂണ്ടിക്കാട്ടിയാണ് ഗണേശ് കുമാർ വോട്ട് തേടുന്നത്. തലവൂർ, പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന 108 കോടിയുടെ പൂക്കുന്നിമല പദ്ധതി അന്തിമഘട്ടത്തിലെത്തി. 160 കോടിയുടെ മഞ്ഞമൺകാല പദ്ധതിയുടെ പൈപ്പിടിൽ തുടങ്ങി. പത്തനാപുരത്ത് പുതിയ ജെ.എഫ്.എം.സി കോടതി അനുവദിച്ചു. പത്തനാപുരം താലൂക്ക് ആശുപത്രിക്ക് 75 കോടി അനുവദിച്ചു. ഇങ്ങനെ നീളുന്നു വികസന നേട്ടങ്ങൾ.