കൊല്ലം: കൊട്ടാരക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ ഭാരവാഹികളുടെ ഹൃദ്യ സ്വീകരണം. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ബാലഗോപാലും പി.ഐഷാപോറ്റിയും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ.രമേശും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം വി.രവീന്ദ്രൻ നായരുമടങ്ങുന്ന സംഘം എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനത്തെത്തിയത്. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.പി.അരുൾ, മുൻ യൂണിയൻ സെക്രട്ടറിയും യോഗം ബോർഡ് മെമ്പറുമായ ജി.വിശ്വംഭരൻ, യൂണിയൻ കൗൺസിലർ ആനക്കോട്ടൂർ അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് ബാലഗോപാലിനെയും സംഘത്തെയും വരവേറ്റത്. ഓഫീസ് വളപ്പിലെ ശ്രീനാരായണ ഗുരുക്ഷേത്രത്തിന് മുന്നിൽ വണങ്ങി എല്ലാവരും ഓഫീസ് മുറിയിലിരുന്നു. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ജീവിതത്തിൽ വഴിവിളക്കായി മാറിയ ഒട്ടേറെ സംഭവങ്ങളുണ്ടെന്ന് ബാലഗോപാൽ പറഞ്ഞു. നാടിന്റെ പൊതു വിഷയങ്ങളും നല്ല നാളേയ്ക്കുള്ള നിർദ്ദേശങ്ങളുമൊക്കെ ചർച്ച ചെയ്തു. യൂണിയന്റെയും ശാഖകളുടെയും പിന്തുണയും പ്രോത്സാഹനവും ഉണ്ടാകുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായ വേളയിൽ ബാലഗോപാൽ യൂണിയൻ നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.