
ജില്ലയിൽ മത്സരരംഗത്ത് 24 ചിഹ്നങ്ങൾ
കൊല്ലം: ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിൽ 79 സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ മാറ്റുരയ്ക്കുന്നത് 24 തിരഞ്ഞെടുപ്പ് ചിഹ്നങ്ങളാണ്. അമ്പും വില്ലും മുതൽ കമ്പ്യൂട്ടർ വരെ ഇതിൽ ഉൾപ്പെടും.
എല്ലാ മണ്ഡലങ്ങളിലും സാന്നിദ്ധ്യം ഉറപ്പിച്ച ഏക ചിഹ്നം കുടമാണ്.
താമര ഒൻപതിടങ്ങളിലും കൈ ഏഴിടങ്ങളിലും മത്സരിക്കുന്നു. ഏഴ് മണ്ഡലങ്ങളിൽ ബാറ്ററി ടോർച്ചും, താക്കോലും അഞ്ചിടങ്ങളിൽ 'ആന'യും മത്സര രംഗത്തുണ്ട്. നാലുവീതം മണ്ഡലങ്ങളിൽ ചുറ്റിക അരിവാൾ നക്ഷത്രവും നെൽക്കതിർ അരിവാളും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളായി.
കുടം, ബാറ്ററി ടോർച്ച്, താക്കോൽ, ടെലിഫോൺ, മുന്തിരി, പൈനാപ്പിൾ, അമ്പും വില്ലും, ടെലിവിഷൻ, ബ്ലാക്ക് ബോർഡ്, കമ്പ്യൂട്ടർ, ഓട്ടോറിക്ഷ, ട്രക്ക്, ഹെൽമറ്റ്, മെഴുകുതിരി, ഓടക്കുഴൽ, ഊന്നുവടി, റാന്തൽ, ആന എന്നുവേണ്ട ഗ്യാസ് കുറ്റി വരെ ചിഹ്നങ്ങളായി. പരമ്പരാഗത ചിഹ്നങ്ങളായ കൈ, ചുറ്റിക അരിവാൾ നക്ഷത്രം, നെൽക്കതിരും അരിവാളും, താമര, മൺവെട്ടിയും മൺകോരിയും തുടങ്ങിയവയൊക്കെ പഴയതുപോലെ തന്നെ കളത്തിലുണ്ട്.
സ്ഥാനാർത്ഥികൾ: 79
എല്ലാ മണ്ഡലങ്ങളിലുമുള്ള ചിഹ്നം: കുടം
പ്രമുഖ രാഷ്ട്രീയ ചിഹ്നങ്ങൾ
താമര: 9
കൈ: 7
ചുറ്റിക അരിവാൾ നക്ഷത്രം: 4
നെൽക്കതിരും അരിവാളും: 4
മൺവെട്ടിയും മൺകോരിയും: 3