amitt

കൊല്ലം: പരവൂർ പുറ്റിങ്ങലിൽ ഇന്ന് നടക്കുന്ന എൻ.ഡി.എ മഹാസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.15ന് മീനമ്പലം യു.കെ.എഫ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ എത്തുന്ന അദ്ദേഹം 2.30ന് സമ്മേളന വേദിയിലെത്തും.

മഹാസമ്മേളനത്തിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമിത് ഷായുടെ സന്ദർശനം പ്രവർത്തകർക്ക് കൂടുതൽ ആവേശമാകും. കേന്ദ്ര മന്ത്രിമാരും ബി.ജെ.പി ദേശീയ നേതാക്കളും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വരും ദിവസങ്ങളിലെത്തും. ചാത്തന്നൂർ മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാസമ്മേളനത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്. ജയപ്രശാന്ത് അദ്ധ്യക്ഷനാകും. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ശ്രീകുമാർ, സംസ്ഥാന സമിതി അംഗം അഡ്വ. കിഴക്കനേല സുധാകരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബി.ഐ. ശ്രീനാഗേഷ്, കൃഷ്ണചന്ദ്രമോഹൻ, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് ബി. സജൻലാൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ സത്യപാലൻ, കെ. മുരളീധരൻ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുദീപ തുടങ്ങിയവർ സംസാരിക്കും. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്. ജയപ്രശാന്തും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.