bb-gopakumar
ഗ്രാറ്റുവിറ്റി കുടിശിക നൽകാത്തതിനെ തുടർന്ന് ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് മുന്നിൽ പ്രതിഷേധം നടത്തിയ പെൻഷൻകാരുമായി ബി.ബി.ഗോപകുമാർ സംസാരിക്കുന്നു

കൊല്ലം: ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് മുന്നിൽ സേവനകാലാവധി പൂർത്തിയാക്കിയ തൊഴിലാളികളുടെ സമരം നടക്കുന്നു. വേതന കുടിശിക തീർക്കുക, വിരമിച്ചവർക്ക് ഗ്രാറ്റുവിറ്റി വിതരണം ചെയ്യുക, നവീകരണം പൂർത്തിയാക്കി മില്ല് തുറന്ന് പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം. ഈ സമയം അവിടേക്കെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് ചുറ്റിലുമായി സമരക്കാർ ഒത്തുകൂടി. 'സാറേ എങ്ങനെയെങ്കിലും കിട്ടാനുള്ള തുക വാങ്ങി നൽകണം', നിറകണ്ണുകളോടെ ഒരാൾ പറഞ്ഞു. 'നമുക്ക് ശ്രമിക്കാം, ഇടപെടാം', സ്വതസിദ്ധമായ വിനയത്തോടെ അദ്ദേഹത്തിന്റെ മറുപടി.

കുറേസമയം പ്രതിഷേധക്കാർക്കൊപ്പം ചെലവഴിച്ച് അവരുടെ ആവലാതികൾ കേട്ടശേഷം തിരികെ മടങ്ങുമ്പോൾ പിന്നിൽ നിന്നൊരു വിളി, ' സാറേ വോട്ട് ചോദിക്കുന്നില്ലേ'. തൊഴിലാളികളുടെ സങ്കടങ്ങളറിഞ്ഞ് കലങ്ങിയ മനസുമായി നിന്നപ്പോൾ വോട്ട് അഭ്യർത്ഥന നടത്താൻ അദ്ദേഹം മറന്നു. 'സാരമില്ല, ഞങ്ങളുടെ വോട്ട് നിങ്ങൾക്ക് തന്നെ'- തങ്ങളുടെ സങ്കടങ്ങൾ അദ്ദേഹത്തെയും നൊമ്പരപ്പെടുത്തിയെന്ന് തൊഴിലാളികൾക്കും മനസ്സിലായി.

സാധാരണക്കാരന്റെ സങ്കടം കേൾക്കുന്ന ബി.ബി. ഗോപകുമാറിന് തന്നെയായിരിക്കും തങ്ങളുടെ വോട്ടെന്ന് ഉറപ്പിച്ചുപറയുന്നവർ ഏറെയാണ് ചാത്തന്നൂരിൽ. ഇത്തരത്തിൽ സാധാരണക്കാർക്കൊപ്പം നിന്നതിനാലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ബി.ജെ.പിയെ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ ഗോപകുമാറിനായത്. ഇത്തവണ അത് ഒന്നാം സ്ഥാനമാകുമെന്ന ഉറച്ച വിശ്വാസവുമുണ്ട് അദ്ദേഹത്തിന്. തുടർന്ന് ചാത്തന്നൂരിലെ വിവിധ കശുഅണ്ടി ഫാക്ടറികളിലേക്ക്, വഴിയോര കച്ചവടക്കാരും സാധാരണക്കാരും അടക്കം ഇതിനിടെ കാണുന്നവരോടെല്ലാം വോട്ട് അഭ്യർത്ഥനയും.

 കുറുപ്പേട്ടനും ഗോപനും

'കുറുപ്പേട്ടാ, എന്തുണ്ട് വിശേഷം, പ്രചാരണമൊക്കെ എങ്ങനെ പോകുന്നു ?' ചോദ്യം ചാത്തന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പീതാംബരകുറുപ്പിനോടാണ്. ചോദ്യം ചോദിച്ചതാകട്ടെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറും. പീതാംബരക്കുറുപ്പിന്റെ മറുപടിയും ഒരു ചോദ്യം തന്നെ 'എന്തുണ്ട് ഗോപാ ?'

മത്സരരംഗത്ത് എതിർചേരിയിലാണെങ്കിലും ഇന്നലെ ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് സമീപത്ത് വച്ച് പരസ്പരം കണ്ടപ്പോൾ സൗഹൃദസംഭാഷണം നടത്തി തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്.