പത്തനാപുരം: നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയുടെ പ്രചാരണം കശുഅണ്ടി മേഖലയിലെ തൊഴിലാളികൾക്കിടയിലും പഞ്ചായത്തുകളിലെ വോട്ടർമാർക്കിടയിലും ആവേശമാകുന്നു. വെട്ടിക്കവല, പട്ടേരി, സദാനന്ദപുരം, കാവുങ്കൽ തുടങ്ങിയ പ്രദേശങ്ങളിലെ കശുഅണ്ടി ഫാക്‌ടറികൾ സന്ദർശിച്ച് തൊഴിലാളികളുമായി സംവദിച്ചും വിളക്കുടി മേലില വെട്ടിക്കവല പഞ്ചായത്തുകളിലെ വോട്ടർമാരെ നേരിൽ കണ്ടും പ്രചാരണത്തിന്റെ എട്ടാം ദിനം കടന്നുപോയത്. യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളായ ന്യായ് പദ്ധതി, നോ ബിൽ ആശുപത്രി, സ്‌ത്രീകൾക്കായുള്ള ക്ഷേമ പെൻഷൻ തുടങ്ങിയവയെക്കുറിച്ച് ചാമക്കാല വോട്ടർമാരോട് വിശദമായി വിവരിച്ചു.
പരിഹരിക്കാൻ പ്രശ്നങ്ങളേറെ
മേലില, വെട്ടിക്കവല, പട്ടാഴി തുടങ്ങിയ സ്ഥലങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം, പത്തനാപുരം, പിറവന്തൂർ തുടങ്ങിയ മേഖലകളിലെ വർഷങ്ങളായി പരിഹരിക്കപ്പെടാത്ത പട്ടയപ്രശ്‌നം തുടങ്ങി ഒരു മനുഷ്യന് വേണ്ട അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ സ്ഥലം എം.എൽ.എയ്‌ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എന്ത് വികസനമാണ് അദ്ദേഹം അവകാശപ്പെടുന്നതെന്നും ചാമക്കാല ചോദിച്ചു.
ഉച്ചയ്‌ക്ക് ശേഷം ചെങ്ങമനാട്, മേലില പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളും സന്ദർശിച്ചാണ് ജ്യോതികുമാർ ചാമക്കാല തന്റെ പ്രചാരണം അവസാനിപ്പിച്ചത്. വെട്ടിക്കവല പഞ്ചായത്ത് മെമ്പർ എം.പി സജീവ്, ഡി.സി.സി അംഗം തങ്കച്ചൻ പനവേലി, മണ്ഡലം പ്രസിഡന്റ് സജി യോഹന്നാൻ, വാർഡ് മെമ്പർ സാലി തോമസ്, വാർഡ് മെമ്പർ ബിന്ദു പ്രസാദ്, മേലില മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, കോൺഗ്രസ് നേതാക്കളായ എസ്.രോഹിത് , അനു വർഗീസ്, സുന്ദരൻ, യദു കൃഷ്ണൻ, സുരേഷ് കുമാർ, അനിത കുമാരി എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.