wating
വാഹനമിടിച്ച് തകർന്ന വെയിറ്റിംഗ് ഷെഡ്

എഴുകോൺ: എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥയുമായി ബന്ധപ്പെട്ട് വന്ന പ്രവർത്തകർ ഒത്ത് കൂടിയ വെയ്റ്റിംഗ് ഷെഡിലേക്ക് കാർ ഇടിച്ച് കയറി രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 3 ഓടെ ഈലിയോട് കൊല്ലൻവിള ജംഗ്ഷനിലായിരുന്നു അപകടം. ഈലിയോട് പണയിൽ വീട്ടിൽ ലക്ഷ്മണൻ, ഈലിയോട് മണി ഭവനിൽ മണിക്കുട്ടൻ എന്നിവർക്കാണ് പരിക്കേറ്റത്. അമ്പലത്തുംക്കാല ഭാഗത്ത് നിന്ന് ഈലിയോട് വഴി ഓടനാവട്ടത്തേക്ക് പോകുകയായിരുന്ന കാർ റോഡരികിലേക്ക് ഒതുക്കി നിറുത്താൻ നേരം നിയന്ത്രണം വിട്ട് ഷെഡിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടൻ തന്നെ പരിക്ക് പറ്റിയവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാലിന് സാരമായി പരിക്കേറ്റ ലക്ഷ്മണനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പേർ അപകടത്തിൽപ്പെട്ടെങ്കിലും മറ്റുള്ളവർ പരിക്കില്ലാതെ രക്ഷപെടുകയായിരുന്നു.