
അങ്കച്ചൂടിൽ വിയർത്ത് സ്ഥാനാർത്ഥികൾ
കൊല്ലം: കേരളം ഇനി ആര് ഭരിക്കണമെന്ന വിധിയെഴുത്തിന് ഇനി 13 ദിവസം. എല്ലാ മുന്നണി സ്ഥാനാർത്ഥികളും ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി. വിജയമുറപ്പിച്ച് കളത്തിലിറങ്ങിയ സ്ഥാനാർത്ഥികൾ പോലും പരക്കം പായുകയാണ്. അങ്കം അത്രത്തോളം മുറുകി. ജില്ലയിലെ 11 മണ്ഡലങ്ങളിലും മത്സരം പ്രവചനാതീതമാണ്.
നേരം പുലരുമ്പോൾ തന്നെ സ്ഥാനാർത്ഥികൾ വോട്ട് തേടിയിറങ്ങുന്നു. കത്തുന്ന സൂര്യൻ വല്ലാതെ തളർത്തുന്നുണ്ടെങ്കിലും സ്ഥാനാർത്ഥി പതറുന്നില്ല. ഉച്ചഭക്ഷണത്തിന് ശേഷം അല്പനേരം മാത്രം വിശ്രമിച്ച് സ്ഥാനാർത്ഥികൾ വീണ്ടും കളംനിറയുകയാണ്. രാത്രി വൈകും വരെ വീടുകളിലും നിരത്തുകളിലും വോട്ടർമാർക്ക് പിന്നാലെയുള്ള പരക്കം പാച്ചിൽ. ഇതിന് ശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിൽ സ്വന്തം പ്രവർത്തനവും എതിരാളികളുടെ നീക്കങ്ങളും വിലയിരുത്തി പാതിരാവരെ നീളുന്ന അവലോകന യോഗം. എതിർ സ്ഥാനാർത്ഥികളുടെ ആരോപണങ്ങൾക്ക് മറ്റ് സ്ഥാനാർത്ഥികൾ അപ്പപ്പോൾ തന്നെ കുറിക്ക് കൊള്ളുന്ന മറുപടികളും നൽകുകയാണ്.
ഇന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും നാളെ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലേക്ക് എത്തുകയാണ്. 30ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും എത്തും. കൊല്ലത്തെ വേദികളിൽ അവർ കത്തിക്കയറിയാൽ അത് കേരളമൊന്നാകെ ചർച്ച ചെയ്യപ്പെടും. ഇന്നും നാളെയുമായി എല്ലാ മുന്നണി സ്ഥാനാർത്ഥികളുടെയും സ്വീകരണ പര്യടനങ്ങൾ ആരംഭിക്കും. ഇതോടെ തിരഞ്ഞെടുപ്പ് അന്തരീക്ഷം കൂടുതൽ ചൂടുപിടിക്കും. സ്ഥാനാർത്ഥികളുടെ വരവറിയിച്ച് അനൗൺസ്‌മെന്റ് വാഹനങ്ങൾ ചെറുവഴികളിലെല്ലാമെത്തും. തൊട്ടുപിന്നാലെ സ്വീകരണമേറ്റുവാങ്ങാൻ താരപരിവേഷത്തോടെ സ്ഥാനാർത്ഥികൾ മുക്കിലും മൂലയിലുമുണ്ടാകും. ഇതിനിടയിലും കുടുംബ യോഗങ്ങളും ബൂത്ത് കൺവെൻഷനുകളും തകൃതിയായി നടക്കും. ഒപ്പം വോട്ട് പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും.
വിധിയെഴുത്തിന്: 13 ദിനങ്ങൾ