കൊല്ലം: രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടത് കേവലം രാഷ്ട്രീയ മുഖമല്ല, മറിച്ച് രാഷ്ട്ര മുഖമാണെന്ന് ഹിന്ദു ആചാര്യസഭ പാലക്കാട് ജില്ലാ എക്സിക്യുട്ടീവ് സമ്മേളനം അഭിപ്രായപ്പെട്ടു. 140 നിയമസഭാ മണ്ഡലങ്ങളിലെയും രാഷ്ട്രീയ സ്ഥിതിഗതികൾ യോഗം വിലയിരുത്തി. മേയിൽ നടക്കുന്ന ദേവീഭാഗവതസത്രം പാലക്കാട് നടത്താനും തീരുമാനമായി.
നാടൻ പശുക്കളെ സംരക്ഷിക്കാൻ പ്രത്യേക നടപടി വേണമെന്ന് ആവശ്യമുയർന്നു. ഇതിന്റെ ചുമതല രാഹുൽ ആദിത്യയ്ക്ക് നൽകി. നിലവിൽ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ സ്ഥിതി ആശാവഹമാണെന്ന് യോഗം വിലയിരുത്തി. ഹിന്ദു ആചാര്യന്മാർക്കും പുരോഹിതന്മാർക്കുമെതിരെയുള്ള വെല്ലുവിളികൾക്കെതിരെ ദേശീയ തലത്തിൽ യുവനജന വിഭാഗത്തെ അണിനിരത്താനും ക്ഷേത്രങ്ങളെയും ഭാരതത്തിന്റെ തനത് പൈതൃകങ്ങളെയും സംരക്ഷിക്കാനും ശ്രമിക്കും.
ആറ് സംസ്ഥാനങ്ങളുടെ യൂത്ത് വിഭാഗം സമ്മേളനം ജൂണിൽ ചേരും. ഇതിന്റെ ചുമതല ആദിത്യ ലാലിന് നൽകി. ആചാര്യ സഭ ദേശീയ ജനറൽ സെക്രട്ടറി സ്വാമി സൗപർണിക വിജേന്ദ്ര പുരി, ദേശീയ ഡയറക്ടർ രാഹുൽ ആദിത്യ, യുവജന വിഭാഗം ദേശീയ ജനറൽ സെക്രട്ടറി ആദിത്യലാൽ, ദേശീയ സെക്രട്ടറി പ്രപഞ്ചൻ മാഷ്, പാലക്കാട് ജില്ലാ ചെയർമാൻ രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് പ്രസാദ് എന്നിവർ സംസാരിച്ചു.