amith

കൊല്ലം: ചാത്തന്നൂർ നിയമസഭാ മണ്ഡലത്തിൽ താമര വിരിയിക്കാൻ തന്ത്രമൊരുക്കി അമിത് ഷാ. ബി.ജെ.പി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് ചാത്തന്നൂർ. ബി.ബി. ഗോപകുമാറിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റാക്കിയത് പോലും മണ്ഡലം പിടിക്കാനുള്ള ദീർഘവീക്ഷണമാണ്.
മുൻ ദേശീയ അദ്ധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ജില്ലയിൽ പ്രസംഗിക്കുന്ന ഏക മണ്ഡലമാണ് ചാത്തന്നൂർ. മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് അമിത് ഷായുടെ വരവിന് പിന്നിൽ. അദ്ദേഹം ഇന്ന് സംസ്ഥാന - ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കും. കുടുംബയോഗങ്ങൾ ഊന്നിയായിരിക്കും പ്രചാരണം കൊഴുപ്പിക്കുക. മറ്റ് പാർട്ടികൾ കടുത്ത വിശ്വാസികളല്ലാത്തവരെ ബി.ജെ.പിയ്ക്ക് ഒപ്പം നിറുത്താനും അവരെക്കൊണ്ട് പരമാവധി വോട്ടു ചെയ്യിക്കാനുമുള്ള തന്ത്രങ്ങളാണ് ആവിഷ്‌ക്കരിക്കുക.

ബി.ബി. ഗോപകുമാറിന്റെ വ്യക്തി ബന്ധങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം എല്ലാ സമുദായത്തിനെയും ബി.ജെ.പിക്കൊപ്പം നിറുത്താനുള്ള ആസൂത്രിത നീക്കങ്ങളും നാളെക്കഴിഞ്ഞാൽ ചാത്തന്നൂരിൽ ബീ.ജെ.പി പയറ്റും. കർഷകരെയും തൊഴിലാളികളെയും കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ ഗുണഭോക്താക്കളാക്കുക വഴി സാധാരണക്കാരുടെ വോട്ടുകൾ ബി.ജെ.പിയ്ക്ക് കിട്ടാൻ വ്യക്തമായ ആസൂത്രണവും ഒരുക്കുന്നുണ്ട്.
ബി.ജെ.പി ചാത്തന്നൂരിൽ വിജയിച്ചാൽ വലിയ വികസനങ്ങളോ, കേന്ദ്ര സ്ഥാപനങ്ങളോ ചാത്തന്നൂരിൽ കൊണ്ടുവരാനും യുവാക്കൾക്കും സ്ത്രീകൾക്കും നാട്ടിൽ തന്നെ തൊഴിൽ ഉറപ്പാക്കുന്ന പദ്ധതികൾ കൊണ്ടുവരുമെന്നും ബി.ജെ.പി ബോധവത്കരണം നടത്തും. യുവതീ യുവാക്കൾ ഉൾക്കൊള്ളുന്ന നൂറ് സ്‌ക്വാഡുകളെ വീടുവീടാന്തരം കയറ്റി വോട്ടുപിടിക്കാൻ പ്രത്യേകം നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ നാളെ അമിത് ഷാ ചാത്തന്നൂരിൽ വന്നതിനുശേഷം തീരുമാനിക്കുമെന്നാണ് സൂചന.