
കോഴിക്കോട്: മോഷണം വെറുമൊരു തൊഴിലായി സ്വീകരിച്ചയാളല്ല കോഴിക്കോട് ഓർക്കട്ടേരി സ്വദേശി മുജീബ്. മോഷണത്തെ ഒരു കലയായോ കുലത്തൊഴിലായോ സ്നേഹിച്ച വ്യത്യസ്തനായ മോഷ്ടാവായിരുന്നു കോഴിക്കോട് കുന്ദമംഗലത്തെ അരപ്പൊയില്‍ മുജീബ് (33). ഒറ്റക്കവർച്ചകൊണ്ട് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് മോഷ്ടാക്കളിൽ മിക്കവരും. എന്നാൽ, ഉദ്ദേശിച്ചത്ര നേട്ടം ലഭിക്കാത്തതുകൊണ്ടും പണത്തിനോടുള്ള അമിത ആർത്തികൊണ്ടുമാണ്
പലരും പിന്നെയും പിന്നെയും കവർച്ചയ്ക്കൊരുമ്പെടുന്നത്.
മലഞ്ചരക്കിൽ കമ്പം
മുജീബ് ഇതിൽ നിന്ന് തികച്ചും വ്യത്യസ്തനാണ്. സ്വർണക്കടകളോ മാളികവീടുകളോ തുറന്ന് കിടന്നാൽപോലും മുജീബ് നോക്കാറില്ല. മലഞ്ചരക്കിനോടാണ് മുജീബിന് പ്രിയം. വിലക്കുറവായാൽ പോലും മലഞ്ചരക്കെന്ന കേരളത്തിന്റെ സുഗന്ധവ്യഞ്ജനക്കലവറയുടെ ബോർഡ് കണ്ടാൽ മുജീബ് കടകാലിയാക്കിയേ മടങ്ങൂ. കഴിഞ്ഞ കുറേവർഷങ്ങളായി കോഴിക്കോ
ട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് മലഞ്ചരക്ക് സാധനങ്ങൾ കവർച്ച പതിവാക്കിയ മുജീബിനെ ഓർക്കാട്ടേരിയിലെ ഒരു മലഞ്ചരക്ക് കടയിൽ ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് പിടികൂടിയത്.
ഒറ്റയാൻ, കവർച്ചാമുതൽ വീതംവയ്ക്കില്ല
എത്രവലിയ കടയായാലും കവർച്ചയ്ക്ക് മുജീബ് തനിച്ചാകും ഇറങ്ങുക. മോഷണം തൊഴിലാക്കിയ കാലം മുതൽ കവർച്ചയ്ക്ക് മുജീബിനാരെയും കൂട്ടിന് കൂട്ടിയ ശീലമില്ല. കവർച്ച ചെറുതായാലും വലുതായാലും തനിച്ചായാൽ സംഭവം പരമരഹസ്യമാക്കി സൂക്ഷിക്കാമെന്നതാണ് മുജീബ് ഇതിൽ കണ്ടനേട്ടം. മറ്റ് മോഷണസംഘങ്ങളുടെ കൂട്ടായ്മ കവർച്ചകൾ കൂട്ടാളികൾ പിടിക്കപ്പെട്ടതിനെ തുടർന്ന് തെളിഞ്ഞ സാഹചര്യം മുൻനിറുത്തിയാണ് മുജീബ് തുടക്കം മുതലേ തന്റെ പ്രൊഫഷനിൽ മറ്റാരെയും കൂട്ടാത്തത്. മോഷണ മുതൽ വീതം വയ്ക്കുന്നതും അതേച്ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാമെന്നതും ഇതിന്റെ മറ്റൊരുനോട്ടമായി മുജീബ് കാണുന്നു.
മലഞ്ചരക്ക് കടത്താൻ കാർ മോഷ്ടിച്ചത് ഷോറൂമിൽ നിന്ന്
മോഷ്ടിക്കുന്ന മലഞ്ചരക്ക് സാധനങ്ങൾ സുരക്ഷിതമായി കടത്താനും ദൂരസ്ഥലങ്ങളിൽ കൊണ്ടുപോയി വിൽക്കാനും വാഹനം ആവശ്യമാണെന്ന് വന്നപ്പോൾ മുജീബ് സ്വന്തമായി കാർ വാങ്ങാനൊന്നും മെനക്കെട്ടില്ല. മലപ്പുറത്തെ ഒരു പ്രമുഖ കാർകമ്പനിയുടെ ഷോറൂമിൽ നിന്ന് പുതുപുത്തൻ കാറുകളിലൊന്ന് കവർന്നു. മലപ്പുറത്ത് അക്കാലത്ത് മോട്ടോർ വാഹന വകുപ്പിന്റെ വാഹന രജിസ്ട്രേഷൻ നമ്പരുകൾ മനസിലാക്കി ഒരുനമ്പരും സ്വന്തമായി പതിച്ച് അതിൽ ചുറ്റിക്കറങ്ങിയായിരുന്നു പിന്നീട് കവർച്ച.
ആഡംബരകാറിൽ സഞ്ചരിക്കുന്നതിനാൽ രാത്രി പൊലീസ് പട്രോളിംഗ് സംഘങ്ങളെയും മുജീബിന് ഭയക്കേണ്ടി വന്നില്ല. കുരുമുളകും ഏലവും ഗ്രാമ്പുവും ഉൾപ്പെടെ വൻവിലയുള്ള മലഞ്ചരക്ക് സാധനങ്ങൾ ആഡംബര കാറിൽ വിപണിയിലെത്തിക്കുന്നതിനാൽ മുജീബിൽ നിന്ന് സാധനങ്ങൾ വിലയ്ക്ക് വാങ്ങിയിരുന്ന വ്യാപാരികളും ഇത് മോഷണമുതലാണെന്ന് അറിഞ്ഞിരുന്നില്ല.
കവർച്ചയ്ക്ക് ഹൈടെക്ക് ഉപകരണങ്ങൾ
രാത്രികാലങ്ങളിൽ കടകളുടെ ഷട്ടറോ പൂട്ടോ തല്ലിപ്പൊളിച്ചാൽ ശബ്ദം കേട്ട് നാട്ടുകാർ ഉണരുമെന്നതിനാൽ പൂട്ട് പൊളിക്കാനും ഷട്ടറുകൾ ഉയർത്താനും ഹൈടെക്ക് ഉപകരണങ്ങൾ സ്വന്തമാക്കിയ ആളാണ് മുജീബ്.ഹൈഡ്രോളിക്- ഗ്യാസ് കട്ടറുകൾ, ജനറേറ്റർ, കമ്പിപ്പാര, എത്രവലിയ നട്ടോ ബോൾട്ടോ നിസാരമായി ഇളക്കാവുന്ന സ്പാനർ, സ്കൂഡ്രൈവർ സെറ്റുകൾ, മോഷണമുതലുകളുടെ തൂക്കം നിശ്ചയിക്കാനുളള ത്രാസ് എന്നിങ്ങനെ കവർച്ചയ്ക്കാവശ്യമായ എല്ലാ ഹൈടെക്ക് ഉപകരണങ്ങളും ആഡംബരകാറിൽ സെറ്റ് ചെയ്തായിരുന്നു മുജീബിന്റെ സഞ്ചാരം.
ഗ്യാസ് കട്ടർ, ഓക്‌സിജൻ മിക്‌സ് ചെയ്യുന്ന ട്യൂബ്, പൂട്ടുകൾ പൊളിക്കുന്ന വിവിധ ഉപകരണങ്ങൾ, പ്രത്യേകം തയ്യാറാക്കിയ ലിവറുകൾ, കത്തികൾ, അഞ്ചിലധികം വ്യാജ നമ്പർ പ്ലേറ്റുകൾ, സ്‌ക്രൂഡ്രൈവറുകൾ എന്നിങ്ങനെയുള്ള ഉപകരണങ്ങൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വലിയ കവർച്ചയ്ക്കുള്ള ഒരുക്കമാണെന്നാണ് പൊലീസ് കരുതുന്നത്.
ഇയാൾ മറ്റിടങ്ങളിലും സമാന രീതിയിലുള്ള കവർച്ച നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ഒരു ലക്ഷത്തിൽപരം രൂപ വിലവരുന്ന ഉപകരണങ്ങളാണ് ഇവയെന്ന് പൊലീസ് പറഞ്ഞു.
പെരുമാറ്റത്തിൽ സംശയം
പിടിക്കപ്പെടാതിരിക്കാനായി വ്യാജനമ്പർ പ്ലേറ്റുകൾ മാറി മാറി ഉപയോഗിച്ചായിരുന്നു യാത്രകളും മോഷണവും.ഓർക്കാട്ടേരിയിലെ കടയുടെ പൂട്ട് പൊളിച്ച് നാല് ചാക്ക് അടയ്ക്കയും എഴുപതിനായിരം രൂപയും മോഷ്ടിച്ചു. ഇത് വിൽക്കാനായി കാറിൽ ഉള്ളിയേരിയിൽ എത്തിയപ്പോൾവ്യാപാരിക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. എടച്ചേരി പൊലീസ് വടകരയിലെ മലഞ്ചരക്ക് കടകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഒടുവിൽ ഉള്ളിയേരിയിലേക്ക് എത്തി. പ്രതിയുടെ നീക്കങ്ങൾ പിന്തുടർന്നപൊലീസ് ഉച്ചസമയങ്ങളിൽ മുജീബ് കാപ്പാട് ബീച്ചിൽ വിശ്രമിക്കാനെത്തുന്നതായി കണ്ടെത്തി. പൊലീസ് സംഘം കാപ്പാട് എത്തിയാണ് ഇയാളെ പിടികൂടിയത്. പ്രതി ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വടകര റൂറൽ എസ്.പി. ശ്രീനിവാസിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. മൂസ വള്ളിക്കാടന്‍, എടച്ചേരി സി.ഐ. വിനോദ് വിളയാറ്റൂർ, എസ്.ഐ. മാരായ അരുൺകുമാർ, വിനോദൻ, സീനിയർ സി.പി.ഒ. സുരേഷ്, ബിനീഷ്, എം.എസ്.പി. സി.പി.ഒ. മാരായ ബിജു, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.