കൊല്ലം: 'അമ്മേ സഹായിക്കണം, ഇത്തവണ എനിക്ക് വോട്ട് ചെയ്യണം. ഉറപ്പായും ചെയ്യണം.' കൂടെ ഒത്തിരിപ്പേരുണ്ടെങ്കിലും നേതാവിന്റെ ജാഡകളില്ലാതെയാണ് കരുനാഗപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബിറ്റി സുധീറിന്റെ വോട്ടഭ്യർത്ഥന. വനിതാപ്രവർത്തകരാണ് കൂടുതലും ഒപ്പമുള്ളത്. ബിറ്റി എത്തുന്നതിന് മുൻപേ അവർ വഴിവക്കിൽ നിൽക്കുന്നവർക്കടുത്തേക്ക് ഓടിയെത്തും. ബിറ്റി വരുമ്പോഴേക്കും അവർ പറയും, ഇതാണ് നമ്മുടെ സ്ഥാനാർത്ഥി.
പാവുമ്പയിലെയും പരിസരപ്രദേശങ്ങളിലെയും കശുഅണ്ടി ഫാക്ടറികളിലും തൊഴിലുറപ്പ് കേന്ദ്രങ്ങളിലുമായിരുന്നു ഇന്നലെ രാവിലെ ബിറ്റി സുധീറിന്റെ പര്യടനം. അതുകഴിഞ്ഞ് മണപ്പള്ളിയിലേക്കെത്തി. അവിടെയുള്ള ഗുരുമന്ദിരത്തിലെത്തി ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിച്ചു. പിന്നെ വോട്ടർമാരുടെ അടുത്തേക്ക് നീങ്ങി.
മറ്റ് രണ്ട് സ്ഥാനാർത്ഥികളെക്കാൾ കുറച്ച് വൈകിയാണ് കളത്തിലിറങ്ങിയതെങ്കിലും അതിവേഗം ആദ്യറൗണ്ട് പൂർത്തിയാക്കി ഒപ്പമെത്താൻ ബിറ്റിക്കായി. കടകമ്പോളങ്ങളും പരമാവധി വീടുകളും കയറിക്കഴിഞ്ഞു. വോട്ട് ചോദിക്കുന്നതിനിടെ നാട്ടിലെ ജനകീയ പ്രശ്നങ്ങളും കേൾക്കുന്നുണ്ട്.
ഇവിടെ സ്ത്രീകൾക്കെന്ത് സുരക്ഷ, സൗകര്യം ?
കരുനാഗപ്പള്ളിയിൽ സ്ത്രീകൾക്കെന്ത് സുരക്ഷയുണ്ട് ? എന്ത് സൗകര്യമുണ്ട് ? ഇതാണ് ബിറ്റി സുധീർ പ്രധാനമായും ചോദിക്കുന്നത്. വികസനം ഫ്ലക്സിലും ഉദ്ഘാടനങ്ങളിലും മാത്രം ഒതുങ്ങിനിൽക്കുകയാണ്. പ്രഖ്യാപിച്ച പദ്ധതികളൊന്നും യാഥാർത്ഥ്യമായില്ല. പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. പ്രവർത്തകർ ആത്മവിശ്വാസത്തിലാണ്. അതുകൊണ്ട് ഇത്തവണ വിജയം ഉറപ്പാണെന്നും ബിറ്റി സുധീർ പറഞ്ഞു.