കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ സുനാമി പുനരധിവാസ കോളനികളിലെ വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമാവും. 2004ലെ സുമാനി ദുരന്തത്തെ തുടർന്നാണ് ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ നിന്ന് 3000ത്തോളം കുടുംബങ്ങളെ ക്ലാപ്പന, കുലശേഖരപുരം ഗ്രാമ പഞ്ചായത്തുകളിലും കരുനാഗപ്പള്ളി നഗരസഭയുടെ വിവിധ ഭാഗങ്ങളിലും മാറ്റിപ്പാർപ്പിച്ചത്. സർക്കാർ നൽകിയ 4 സെന്റ് ഭൂമിയിൽ സന്നദ്ധ സംഘടനകളാണ് ഇവർക്ക് വീടുകൾ നിർമ്മിച്ചുനൽകിയത്. പല സുനാമി കോളനികളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രകടമാണ്. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഇവരുടെ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഇടത്, വലത്, എൻ.ഡി.എ മുന്നണികളുടെ പ്രചാരണം. സുനാമി പുനരധിവാസ കോളനികളിൽ ഏകദേശം 12000 വോട്ടുകളുണ്ടെന്നാണ് കണക്ക്. കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിൽ ഇവരുടെ വോട്ടുകൾ നിർണായകമാവും.
സുനാമി കോളനികൾ സന്ദർശിച്ച് സ്ഥാനാർത്ഥികൾ
ഇടത്, വലത് മുന്നണി സ്ഥാനാർത്ഥികളായ ആർ. രാമചന്ദ്രനും സി.ആർ. മഹേഷും ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീറും സുനാമി കോളനികൾ സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. മിക്ക പുനരധിവാസ കേളനികളിലും സ്ഥാനാർത്ഥികളും മുന്നണി നേതാക്കളും ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി. അധികാരത്തിലെത്തിയാൽ സുനാമി കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ നടപ്പാക്കുമെന്നാണ് മൂന്ന് മുന്നണികളും കേളനി നിവാസികൾക്ക് നൽകുന്ന ഉറപ്പ്.
കോളനിയിലെ വോട്ട് ഫലത്തിൽ പ്രതിഫലിക്കും
സുനാമി മേഖലയിലെ വോട്ടുകളിൽ ഭൂരിപക്ഷവും കരസ്ഥമാക്കാൻ കഴിയുന്ന സ്ഥാനാർത്ഥിക്ക് വിജയസാദ്ധ്യത വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നണികൾ സുമാനി കോളനികൾ കേന്ദ്രീകരിച്ച് പ്രചാരണം ശക്തമാക്കുന്നത്. സുനാമി കോളനി നിവാസികളിൽ ആലപ്പാട്ടെ അരയജന കരയോഗങ്ങൾക്കുള്ള സ്വാധീനം നിർണായകമാണ്. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ കരയോഗത്തിന്റെ നേതാക്കളെ മുന്നിൽനിറുത്തിയുള്ള തിരഞ്ഞടുപ്പ് പ്രചാരണത്തിനാവും മുന്നണികൾ ശ്രമിക്കുന്നത്.